പുതുവർഷത്തിനു കോഴിക്കോടിന്റെ ആവേശവരവേൽപ്പ്
1491507
Wednesday, January 1, 2025 4:31 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: ഒരോ വര്‍ഷവും പുതു പ്രതീക്ഷകളുടേതാണ്...നഷ്ടങ്ങളെ കുറിച്ച് ആലോചിച്ച് സമയം കളഞ്ഞിട്ട് കാര്യമില്ലെന്നാണ് കടന്നുപോകുന്ന ഒരോനിമിഷവും ഓര്‍മിപ്പിക്കുന്നത്.
എപ്പോഴും പ്രതീക്ഷകള്‍ തന്നെയാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്.
ആകസ്മികമായ വേര്‍പാടുകളും നിനച്ചിരിക്കാതെ എത്തുന്ന ദുരന്തങ്ങളും തല്‍ക്കാലത്തേക്കെങ്കിലും നമുക്ക് മറക്കാം. ശുഭാരംഭത്തെ കുറിച്ച് ചിന്തിക്കാം. എത് കാലത്തും വര്‍ധിച്ചുവരുന്ന വാഹനപകടവാര്ത്തകളാണ് നമ്മെ ജീവനുള്ളിടത്തോളം കാലം കരയിപ്പിക്കുന്നത്.
റോഡപകടങ്ങള്‍ക്ക് പൂട്ട് വരട്ടെ...
കോഴിക്കോട് ജില്ലയില്‍ ഇത്തവണയും വാഹനാപകടങ്ങള്‍ക്ക് കുറവുണ്ടായില്ല. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുള്‍പ്പെടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളാണ് അല്പമെങ്കിലും പ്രതീക്ഷയേകുന്നത്.
വാഹനാപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സ്ഥിരമായി നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരെ കണ്ടെത്തി നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ് നടപടി തുടങ്ങി. ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തുന്ന ഡ്രൈവർമാരുടെ പട്ടിക തയാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകിയത് 2024 അവസാദ പാദത്തിലാണ്.സംസ്ഥാനത്തുടനീളമുള്ള നിയമലംഘകരായ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി നാല് കേന്ദ്രങ്ങളാണ് ഒരുക്കുന്നത്.എഐ. കാമറയില്‍ ഉള്‍പ്പെടെ കുടുങ്ങിയിട്ടുള്ളവരുടെയും ഗതാഗത നിയമലംഘനത്തിന് ഒന്നിലധികം തവണ പിഴയൊടുക്കിയിട്ടുള്ളവരുടെയും പേരുകളാണ് മോട്ടോര്‍വാഹന വകുപ്പ് കണ്ടെത്തുന്നത്.
ആരോഗ്യ രംഗത്ത് വലിയ
മുന്നേറ്റം, തുടരട്ടെ...
ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാണ് 2024-ല്‍ ഉണ്ടായത്. ഇത് തുടര്‍ന്നുകൊണ്ടുപോകുക എന്നതാണ് പുതുവര്‍ഷത്തിലെ പ്രതീക്ഷകള്‍.
ജലജന്യ രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും പിന്നാലെ, മറ്റൊരു രോഗം കൂടി മലയാളിക്ക് ഞെട്ടലായി. തലച്ചോര്‍ കാര്‍ന്നു തിന്നുന്ന അമീബ അഥവാ അമീബിക് മസ്തിഷ്ക ജ്വരം (പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സാന്നിധ്യം ആദ്യം തിരിച്ചറിഞ്ഞത് മെയ് 21ന്. മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി മരണപ്പെട്ടതിന് പിന്നാലെ ജൂണ്‍ 26ന് കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും ജില്ലയിലെ വിവിധ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.
ജൂലൈ 5ന് ഫാറൂഖ് കോളജ് സ്വദേശിയായ 12കാരനും 22ന് തിക്കോടി പള്ളിക്കര സ്വദേശിയായ 14കാരനും ഓഗസ്റ്റ് 5ന് 4വയസുക്കാരനും രോഗം സ്ഥിരീകരിച്ചു.
രോഗം വേഗത്തില്‍ കണ്ടെത്തിയതിനാല്‍ ജീവന് രക്ഷിക്കാന്‍ സാധിച്ചു. ഈ സംഭവങ്ങളോടെ രാജ്യത്ത് ആദ്യമായി അമീബിക് മസ്തിഷ്ക ജ്വരത്തിന് സമഗ്ര മാര്‍ഗരേഖ പുറത്തിറക്കിയ സംസ്ഥാനമായി കേരളം മാറി.ഒപ്പം തലയുയര്‍ത്തി കോഴിക്കോട് മെഡിക്കല്‍ കോളജും.
വിലങ്ങാടിന് പ്രതീക്ഷയുടെ
പുതുവര്‍ഷം
ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ജില്ലയിലെ മലയോര മേഖലയായ വിലങ്ങാട് അതിജീവനത്തിന്റെ പാതയിലാണ്.
മുമ്പെങ്ങുമില്ലാത്തവിധം വിലങ്ങാടിനായി നാടൊന്നിച്ചുനിന്നു. പൊലിഞ്ഞത് ഒരു ജീവനാണെങ്കിലും വിള്ളല്‍ വീണത് ഒരുപാട് മനസുകള്‍ക്കാണ്. അവരെ നാട് ഒരുമിച്ച് നിര്‍ത്തി, സര്‍ക്കാര്‍ തലത്തിലുള്ള ചുവപ്പുനാട അഴിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
കാര്‍ഷിക മേഖലയും കനത്ത നഷ്ടമാണ് നേരിട്ടത്. വിലങ്ങാടിലെ ദുരിതബാധിതരുടെ പുനരധിവാസം ഇന്നും പ്രധാന വെല്ലുവിളിയായി തുടരുകയാണ്.2025 അവരുടേയും പ്രതീക്ഷയാണ്.
മോചിക്കപ്പെടുമോ
അബ്ദുള്‍ റഹീം
സൗദി പൗരന് കൊല്ലപ്പെട്ട കേസില്‍ 2006 ഡിസംബറിലാണ് കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീം ജയിലിലായത്. ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പുനല്‍കാമെന്ന്, കൊല്ലപ്പെട്ട സൗദിയുവാവിന്റെ കുടുംബം ഔദ്യോഗികമായി അറിയിക്കുകയും തുടര്‍ നടപടികള്‍ക്കായി പണം കൈമാറുകയും ചെയ്തതോടെയാണ് വധശിക്ഷ റദ്ദാക്കിയത്.
റഹീം നിയമ സഹായസമിതിയുടെ നേതൃത്വത്തില്‍ ക്രൗഡ് ഫണ്ടിംഗിലൂടെ കഴിഞ്ഞ ഏപ്രില്‍ 12 നാണ് സൗദി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചത്. എന്നാല്‍ മോചനം നിയമക്കുരുക്കില്‍ പെട്ട് നീളുകയാണ്. ജനുവരി 15-നാണ് കേസ് ഇനി പരിഗണിക്കുന്നത്. ഇതില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
നവകേരള ബസ് സര്‍വീസ്
തുടരട്ടെ...
ഏറെ വിവാദമായ നവകേരള ബസ് 2024 മെയ് അഞ്ചിന് കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് തുടങ്ങി. എന്നാൽ ഗരുഡ പ്രീമിയം സര്‍വീസ് മുന്നോട്ട് പോകുന്നതിന് വലിയ പ്രയാസം നേരിട്ടു. പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന ബസില്‍ യാത്രക്കാരില്ലാത്തത് കാരണവും യന്ത്രത്തകരാറുകള്‍ കാരണവും സര്‍വീസ് മുടങ്ങി.
അറ്റകുറ്റപ്പണികള്‍ നടത്തിയെങ്കിലും സര്‍വീസുകള്‍ മുടങ്ങുന്നത് പതിവായി. ജൂലൈ 21ന് സര്‍വീസ് നിര്‍ത്തിയ ബസ് മാസങ്ങള്‍ നീണ്ട കാത്തിരിപ്പന് ശേഷം ടിക്കറ്റ് നിരക്ക് കുറച്ച് രൂപമാറ്റം വരുത്തിപുതുവത്സര ദിനത്തില്‍ സര്‍വീസ് പുനരാരംഭിക്കുകയാണ്.
കൊണ്ടുപോകണം... സാഹിത്യ
നഗരപദവി തലയെടുപ്പോടെ
യുനസ്കോയുടെ സാഹിത്യനഗരമായി കോഴിക്കോടിന് അംഗീകാരം കിട്ടിയത് ഈ വർഷമാണ് 2024. ഇന്ത്യയില്‍ ആദ്യമാണ് ഒരു നഗരത്തിന് സാഹിത്യ നഗരം എന്ന പദവി ലഭിക്കുന്നത്.
2023 ഒക്ടോബര്‍ 31നാണ് കോഴിക്കോടിനെ സാഹിത്യ നഗരമായി യുനെസ്കോ അംഗീകരിച്ചത്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം 2024 ജൂണ്‍ 23 ന് ആയിരുന്നു. ഈ പദവി മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ് കനത്ത വെല്ലുവളി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ ഉള്‍പ്പെടെ നിരവധി പരിപാടികള്‍ നടപ്പിലാക്കുന്നുണ്ട്.
അതിനുമപ്പുറം കോഴിക്കോടന്‍ തനിമ വിളിച്ചോതുന്ന സാംസ്കാരിക പരിപാടികള്‍ നടപ്പിലാക്കാനാണ് അധികൃതരുടെ ശ്രമം.
വിടപറഞ്ഞ എം.ടി.വാസുദേവന്‍ നായര്‍ക്കായി കോഴിക്കോട് നഗരത്തില്‍ തന്നെ ഒരു സ്മാരകം എന്ന വലിയ ചിന്തയും കോര്പറേഷന് മുന്നിലുണ്ട്.
എയിംസ് വരട്ടെ...
അനിശ്ചിതത്വം ഏറെ ഉണ്ടെങ്കിലും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) പ്രതീക്ഷിച്ചു കിനാലൂർ.
കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി ജെ.പി.നഡ്ഡ ഉള്‍പ്പെടെ പറയുമ്പോഴും തൃശൂരിലേക്ക് എയിംസ് കൊണ്ടുപോകാനുള്ള സാധ്യത സുരേഷ് ഗോപി എംപിയും പങ്കുവയ്ക്കുന്നു. കേരളത്തിൽ നിന്നുള്ള രാജ്യസഭ, ലോക്സഭ എംപിമാർ ഒറ്റക്കെട്ടായി എയിംസിനു വേണ്ടി ആവശ്യം ഉന്നയിക്കുന്നതും കേന്ദ്ര തീരുമാനം വൈകുന്നതിന് എതിരെ പ്രതിഷേധം തുടരുന്നതും പ്രതീക്ഷകൾക്ക് കരുത്തായിട്ടുണ്ട്.