പട്ടിക്കാട് ജാമിഅ നൂരിയ അറബിയ സമ്മേളനത്തിന് തുടക്കം
1491851
Thursday, January 2, 2025 5:39 AM IST
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ അറബിയയുടെ 62-ാം വാര്‍ഷിക 60-ാം സനദ് ദാന സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം. ജാമിഅയുടെ പ്രസിഡന്റ് കൂടിയായ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. അഞ്ചുവരെ സമ്മേളനം നീണ്ടുനില്‍ക്കും.
വിദേശ പ്രതിനിധികള്‍, പണ്ഡിതന്മാര്, മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജാമിഅയുടെ പ്രധാന വാഖിഫ് കെ.വി. ബാപ്പുഹാജിയുടെ മഖ്ബറ സിയാറത്തിന് കോഴിക്കോട് വലിയ ഖാസി അബ്ദുള്‍ നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്കി.
ഉദ്ഘാടന സമ്മേളനം പ്രമുഖ ഉറുദു കവിയും എഐസിസി ന്യൂനപക്ഷ വകുപ്പ് ചെയര്‍മാനുമായ ഇംറാന്‍ പ്രതാപ് ഗഡി എംപി (മഹാരാഷ്ട്ര) ഉദ്ഘാടനം ചെയ്തു. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എന്‍. ഷംസുദ്ദീന് എംഎല്‍എ, പി. അബ്ദുള്‍ ഹമീദ് എംഎല്‍എ, എന്‍. സൂപ്പി, നെല്ലറ ഷംസുദ്ദീന്, പാതിരമണ്ണ അബ്ദുറഹിമാന് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്, ഏലംകുളം ബാപ്പു മുസ്ലിയാര്, യു.എ. ലത്തീഫ് എംഎല്‍എ, നജീബ് കാന്തപുരം എംഎല്‍എ, പുത്തനഴി മൊയ്തീന് ഫൈസി, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഇബ്റാഹിം ഫൈസി തിരൂര്‍ക്കാട് എന്നിവര്‍ പ്രസംഗിച്ചു.