വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന് തുടക്കമായി
1491858
Thursday, January 2, 2025 5:51 AM IST
കോഴിക്കോട്: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ജനുവരി ഏഴുവരെ വലിച്ചെറിയൽ വിരുദ്ധവാരാചരണം. പൊതുനിരത്തുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത്പ്രതിരോധിക്കാനുള്ള ഇടപെടലാണ് പദ്ധതി.
ഇതിന്റെ ഭാഗമായി സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ആ സ്ഥലങ്ങൾ വൃത്തിയാക്കുകയും തുടർന്ന് വലിച്ചെറിയില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തലുമാണ് ലക്ഷ്യം.
ഇതോടൊപ്പം വലിച്ചെറിയൽ ശീലങ്ങൾ ഇല്ലാതാക്കാൻ വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ, പൊതുജനങ്ങൾ, വിദ്യാഭ്യാസ വകുപ്പ്, നാഷണൽ സർവീസ് സ്കീം, വിവിധ സന്നദ്ധ സംഘടനകൾ തുടങ്ങിയവരുമായി ചേർന്ന് വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
കാമ്പയിനിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗി ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എം. ഗൗതമന് നൽകി നിർവഹിച്ചു.