ജില്ലയില്‍ 63.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സൗരോര്‍ജവേലി സ്ഥാപിക്കും
1491288
Tuesday, December 31, 2024 6:23 AM IST
പെരുവണ്ണാമൂഴി: ജില്ലയില്‍ 63.5 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കുന്നതിന്റെ നിര്‍മാണോദ്ഘാടനം വനം മന്ത്രി എ.കെ. ശശീന്ദ്രന് നിർവഹിച്ചു. വന്യജീവികള്‍ ജനവാസ മേഖലകളില്‍ ഇറങ്ങുന്നത് തടയുന്നതിനും അഥവാ ഇറങ്ങിയാല്‍ സംഘര്‍ഷം പരമാവധി ലഘൂകരിക്കുന്നതിനും കോഴിക്കോട് വന ഡിവിഷനില്‍ ബഹുമുഖമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു.
പെരുവണ്ണാമുഴി റേഞ്ചില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ ആലമ്പാറ ഉന്നതി, ഉണ്ടന്മൂല, മുത്തപ്പന്‍പുഴ, ഐ ഐ എസ് ആര്, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ ഭാഗങ്ങളില്‍ 18 കിലോമീറ്റര്‍ ദൂരത്തിലാണ് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മ്മിക്കുന്നത്. ഇതിന് 2.72 കോടിയാണ് ചെലവ്. കുറ്റ്യാടി റേഞ്ചില്‍ കാവിലുംപാറ, വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകള്‍ക്ക് കീഴില്‍ വരുന്ന ഭാഗങ്ങളില്‍ 17.5 കിലോമീറ്ററിലും താമരശ്ശേരി റേഞ്ചില്‍ തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി ഗ്രാമ പഞ്ചായത്തുകളിലെ ഭാഗങ്ങളില്‍ 12 കിലോമീറ്റര്‍ ദൂരത്തിലും സൗരോര്‍ജ്ജ വേലിയാണ് സ്ഥാപിക്കുന്നത്. ഇതിന്റെ പ്രവൃത്തി ഊരാളുങ്കല്‍ തുടങ്ങിക്കഴിഞ്ഞു.
ഇതിന് പുറമെ, കൃഷി വകുപ്പിന്റെ സഹകരണത്തോടെ താമരശ്ശേരി റേഞ്ചിലെ തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ ഭാഗങ്ങളില്‍ 1.25 കോടി രൂപ ചെലവില്‍ 16 കിലോമീറ്ററില്‍ സൗരോര്‍ജ്ജ തൂക്കുവേലിയുമാണ് നിര്‍മ്മിക്കുന്നത്.
പുതുതായി സൗരോര്‍ജ വേലി നിര്‍മ്മിക്കുന്നതിന് പുറമേ ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്നത് തടയാന്‍ മൂന്ന് റേഞ്ചുകളിലായി നിലവിലുള്ള 27 കിലോമീറ്റര്‍ സൗരോര്‍ജ്ജ വേലികള്‍ അറ്റകുറ്റപ്പണി നടത്തുന്ന മിഷന് ഫെന്‍സിംഗ് പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
വനിത ജീവനക്കാര്‍ക്കായി പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷനില്‍ പുതുതായി നിര്‍മിച്ച ലേഡീസ് ബാരക്ക് കെട്ടിടത്തിന്റേതുള്‍പ്പെടെ നാല് പദ്ധതികളുടെ ഉദ്ഘാടനം പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് മന്ത്രി നിർവഹിച്ചു. പേരാമ്പ്ര മുതുകാട് സ്ഥാപിക്കുന്ന കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്കിന്റെ വിശദപദ്ധതി രേഖ തയാറാക്കുന്നതിന്റെ ടെണ്ടര്‍ നടപടി പുരോഗമിക്കുകയാണ്.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘുകരിക്കുന്നതിന്റെ ഭാഗമായി പരിക്കുപറ്റിയ വന്യജീവികളെ പുനരധിവസിപ്പിക്കുന്ന ആനിമല്‍ ഹോസ്പൈസ് സെന്റര്‍ മുതുകാട് തുടങ്ങുന്നതിന് കിഫ്ബി വഴി 10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കുടില്‍പാറ, പായോണ, വട്ടച്ചിറ, കുറുമരുകണ്ടി, അംബേദ്കര്‍, ചിറ്റാരി, ഓലിക്കല്‍, കുളത്തൂര്‍ എന്നീ എട്ട് പട്ടികവര്‍ഗ ഉന്നതികളില്‍ രണ്ട് ലക്ഷം രൂപ മുടക്കി സ്ഥാപിച്ച എട്ട് ലൈബ്രറികളുടെ ഉദ്ഘാടനവും വനം മന്ത്രി നിര്‍വഹിച്ചു. കക്കയം, പെരുവണ്ണാമൂഴി, ആനക്കാംപൊയില്‍, കോഴിക്കോട് സിറ്റി, കുറ്റ്യാടി എന്നിവിടങ്ങളിലുള്ള സാറ്റലൈറ്റ് ആര്ആര്ടികളിലേക്കായി പുതുതായി വാങ്ങിയ വാഹനങ്ങളുടെ ഫ്ളാഗ്ഓഫും മന്ത്രി നിര്‍വഹിച്ചു. ടി.പി. രാമകൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു.