വീടുകള്‍ക്ക് തറക്കല്ലിട്ടു; വിലങ്ങാടിന് സിഎംഐ സഭയുടെ സഹായഹസ്തം
1491848
Thursday, January 2, 2025 5:39 AM IST
വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വിലങ്ങാടിന് സിഎംഐ സഭയുടെ സഹായ ഹസ്തം. വിലങ്ങാട് മേഖലയില്‍ കോഴിക്കോട് സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സിന്റെ ചാവറ ഭവന നിര്‍മാണ പദ്ധതിയുടെ ഉദ്ഘാടനം പ്രൊവിന്‍ഷ്യല്‍ റവ. ഡോ. ബിജു ജോണ്‍ വെള്ളക്കട നിര്‍വഹിച്ചു.
സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സിന്റെ സാമൂഹ്യസേവന വിഭാഗമായ സെന്റ് തോമസ് അസോസിയേഷന് ഫോര്‍ റൂറല്‍ സര്‍വീസ് - സ്റ്റാര്‍സ് മുഖാന്തിരമാണ് ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നത്.
സ്ഥല ലഭ്യതയ്ക്കനുസരിച്ചാണ് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നത്. പ്രാരംഭഘട്ടത്തില്‍ പശുക്കടവ്, നരിപ്പറ്റ, വിലങ്ങാട് എന്നീ സ്ഥലങ്ങളില്‍ മൂന്ന് വീടുകളാണ് നിര്‍മിക്കുന്നത്. തറക്കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സിഎംഐ സെന്റ് തോമസ് പ്രൊവിന്‍സിന്റെ സോഷ്യല്‍ വര്‍ക്ക് കൗണ്‍സിലര്‍ ഫാ. ബോണി അഗസ്റ്റ്യന്‍, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് പി.ബാബു, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മരാജു, മരുതോങ്കര പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ഡെന്നി പെരുവേലിയില്,
പശുക്കടവ് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പാറത്തോട്ടത്തില്‍, വിലങ്ങാട് ഇടവക വികാരി ഫാ. വില്സന് മുട്ടത്തുകുന്നേല്‍, സ്റ്റാര്‍സ് ഡയറക്ടര്‍ ഫാ. ജോസ് പ്രകാശ് സിഎംഐ, സ്റ്റാര്‍സ് പ്രോജക്ട് മാനേജര്‍ റോബിന് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.