പുതുവത്സരത്തിൽ കോഴിക്കോട് നഗരത്തിൽ ചീറ്റ ഇറങ്ങും
1491512
Wednesday, January 1, 2025 4:31 AM IST
കോഴിക്കോട്:കോഴിക്കോട് കോർപറേഷൻ നടപ്പാക്കുന്ന അഴക് പദ്ധതിയുടെ ഭാഗമായി "ചീറ്റ " എന്ന പേരിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നഗരത്തിൽ പരിശോധന നടത്തും. മാലിന്യം വലിച്ചെറിയാത്ത ഒരു നഗരം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഒരു മിഠായി കടലാസ് പോലും ഇല്ലാത്ത രൂപത്തിൽ നഗരത്തെ മാറ്റുന്നതിനു വേണ്ടിയുള്ള പ്രവർത്തനമാണ് ഇതിലൂടെ നടത്തുന്നത്. "ചീറ്റ "യുടെ 3 ടീമുകൾ ഇന്നുമുതല്‍ നഗരത്തിൽ പരിശോധനയ്ക്കായുണ്ടാകും. ഒരു സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ, സാനിറ്റേഷൻ വർക്കർ എന്നിവർ ഉൾപ്പെടുന്നതാണ് " ചീറ്റ " ടീം. പരിശോധന നടത്തുന്ന പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയപ്പെട്ട സാധ്യത ഉണ്ടെങ്കിൽ " ചീറ്റ " ടീം തത്സമയം തന്നെ അത് ശുചീകരിക്കും. ഏത് വ്യക്തിയോ സ്ഥാപനമോ ആണ് ആ മാലിന്യം നിക്ഷേപിച്ചതെന്നു ബോധ്യപ്പെട്ടാൽ 5000 രൂപ വരെയുള്ള തത്സമയ പിഴ ഈടാക്കും.
പാതയോരം വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതോടൊപ്പം തന്നെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ കൃത്യമായി പരിപാലിക്കപെടാത്ത സ്ഥാപനങ്ങളിൽ ഉൾപ്പെടെ " ചീറ്റ " ടീം പരിശോധന നടത്തും.