പൂപ്പൊലി 2025 അന്താരാഷ്ട്ര പുഷ്പമേള നാളെ മുതൽ
1491279
Tuesday, December 31, 2024 6:23 AM IST
കൽപ്പറ്റ: കേരള കാർഷിക സർവകലാശാലയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംഘടിപ്പിക്കുന്ന ഒൻപതാമത് ‘പൂപ്പൊലി 2025’ അന്താരാഷ്ട്ര പുഷ്പമേള നാളെ മുതൽ അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കും. ജനുവരി 15 വരെ നടക്കുന്ന പുഷ്പോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി കാർഷിക സർവകലാശാല മേധാവി ഡോ.സി.കെ. യാമിനി വർമ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേളയുടെ ഓദ്യോഗിക ഉദ്ഘാടനം രണ്ടിന് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ മന്ത്രി പി. പ്രസാദ് നിർവഹിക്കും. മന്ത്രി ഒ.ആർ. കേളു, ജില്ലയിലെ എംഎൽഎമാർ, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വിദഗ്ധർ പങ്കെടുക്കുന്ന ശിൽപശാലകൾ, 200 വാണിജ്യ സ്റ്റാളുകൾ, വൈവിധ്യമാർന്ന കലാപരിപാടികൾ തുടങ്ങിയവ പുഷ്പമേളയുടെ ഭാഗമായി സംഘടിപ്പിക്കും. വൈവിധ്യമാർന്ന അലങ്കാര വർണ പുഷ്പങ്ങളുടെ പ്രദർശനമാണ് മേളയുടെ പ്രധാന ആകർഷണം. പെറ്റൂണിയ, ഫ്ളോക്സ്, പാൻസി, ഡാലിയ, ചൈന ആസ്റ്റർ, മാരിഗോൾഡ്, ടോറീനിയ, കോസ്മോസ്, ഡയാന്തസ്, സാൽവിയ, ജമന്തി, അലൈസം, കാൻഡിടഫ്റ്റ്, ബ്രാക്കിക്കോം, കാലൻഡുല, പൈറോസ്റ്റീജിയ തുടങ്ങി നിരവധി പുഷ്പങ്ങളും കാലീഷ്യ, സെബ്രിന, റിയോ, ഡ്രസീന, സെടം മുതലായ ഇലച്ചെടികളും പൂപ്പൊലി ഉദ്യാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഫ്ളോറൽ ക്ലോക്ക്, മലയുടെ രൂപം, മയിൽ, കുതിര തുടങ്ങിയ സൃഷ്ടികളും ഫ്ളോട്ടിംഗ് ഗാർഡൻ, റോസ് ഗാർഡൻ, മെലസ്റ്റോമ ഗാർഡൻ, കുട്ടികൾക്ക് വിനോദത്തിനായി ചിൽഡ്രൻസ് പാർക്ക്, വിവിധതരം റൈഡുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ആനുകാലിക പ്രസക്തമായ വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ശിൽപശാലകളും കർഷകർക്ക് വേണ്ടിയുള്ള സെമിനാറുകളും കാർഷിക ക്ലിനിക്കുകളും ഈ വർഷത്തെ പുഷ്പമേളയുടെ പ്രധാന ആകർഷണങ്ങളാണ്.
മേളയുടെ ഭാഗമായി പ്രധാനമായി അഞ്ച് ശിൽപശാലകളാണ് നടത്തുന്നത്. പശ്ചിമഘട്ടത്തിലെ കാലാവസ്ഥ വ്യതിയനാനവും ദുരന്തനിവാരണവും, പശ്ചിമഘട്ടത്തിലെ കൃഷി രീതികൾ, കാപ്പി ബ്രാൻഡിംഗ്, ഹൈടെക് ഹോർട്ടികൾച്ചർ, മൃഗസംരക്ഷണവും, കൃഷിയും എന്നീ വിഷയങ്ങളിലാണ് ശിൽപശാലകൾ. കൂടാതെ നൂതന സാങ്കേതിക വിദ്യകളുടെയും മികച്ചയിനം നടീൽ വസ്തുക്കളുടെയും കാർഷിക ഉത്പന്നങ്ങളുടെയും പ്രദർശന വിപണനമേളയും ഉണ്ടായിരിക്കും.
വിവിധ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, പ്രമുഖ കർഷകർ, കർഷക കൂട്ടായ്മകൾ എന്നിവരുടെ നിരവധി സ്റ്റാളുകളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കഴിഞ്ഞ വർഷങ്ങളിൽനിന്നും വ്യത്യസ്തമായി ഇത്തവണ വർധിപ്പിച്ച മുതിർന്നവരുടെ ടിക്കറ്റ് നിരക്കിന്റെ ഒരു ഭാഗം മുണ്ടക്കൈ ദുരിതബാധിതരുടെ അതിജീവന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. വാർത്താസമ്മേളനത്തിൽ ഡോ.എം.ടി. ചിത്ര, എ.വി. ശ്രരേഖ എന്നിവരും പങ്കെടുത്തു.