എം.ടി കേരളത്തനിമ ഉയര്‍ത്തിപ്പിടിച്ച സാഹിത്യകാരന്: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്
1491284
Tuesday, December 31, 2024 6:23 AM IST
കോഴിക്കോട്: ലോകസാഹിത്യത്തിന്റെ ചുവടുപിടിച്ച് കേരള സാഹിത്യം പോയ്കൊണ്ടിരുന്ന കാലത്ത് സാഹിത്യത്തില്‍ കേരളത്തനിമ ഉയര്‍ത്തിപ്പിടിച്ച് മലയാളികളെ സ്വാധീനിച്ച എഴുത്തുകാരനായിരുന്നു എം.ടി. വാസുദേവന്‍ നായരെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. എം.ടി. വാസുദേവന്‍ നായരുടെ കുടുംബത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.
വൈക്കം മുഹമ്മദ് ബഷീറിന്റെയും എസ്.കെ. പൊറ്റെക്കാടിന്റെയും പാതയിലൂടെ കടന്നു വന്ന് വ്യത്യസ്തമായ രീതിയില്‍ കഥ പറച്ചില് നടത്തിയ എം.ടി കേരള സമൂഹത്തെ മാറ്റിചിന്തിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന്റെ ചിന്തകള്‍ സമൂഹത്തെ സ്വാധീനിക്കുമ്പോഴാണ് അത് മഹത്തരമാകുന്നത്. എം.ടിക്ക് സാമൂഹിക മനസിനെ സ്വാധീനിക്കാന്‍ സാധിച്ചു. സിനിമയില്‍ പാടിപ്പുകഴ്ത്തപ്പെടുന്ന നായകന്മാര്ക്ക് പകരം വില്ലന്മാരെ നായകന്മാരാക്കി കഥാപാത്ര സൃഷ്ടി നടത്തിയ കഥാകൃത്തായിരുന്നു എം.ടി. വില്ലന്മാരുടെ മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് സിനിമ കാട്ടിത്തന്നു. എഴുത്തിലുടെയും സിനിമയിലൂടെയും മലയാളി മനസിനെ സ്വാധീനിക്കാന്‍ എം.ടിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിയെ എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതി വി. നായരും ചേര്‍ന്നു സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്, വൈസ് പ്രസിഡന്റ് കെ.വി.സുധീര്‍, പ്രവീണ്‍ തളിയില്‍, എം.ജഗന്നാഥന് എന്നിവര്‍ മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.