ശബ്ദമലിനീകരണം:അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
1491864
Thursday, January 2, 2025 5:51 AM IST
കോഴിക്കോട്: ജനങ്ങൾ തിങ്ങിപാർക്കുന്ന തിരുത്ത്യാടിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുള്ള ശബ്ദമലിനീകരണം പ്രദേശവാസികൾക്ക് അസ്വസ്തത സൃഷ്ടിക്കുന്നുവെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് നഗരസഭാ സെക്രട്ടറിയും മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയറും പരാതി പരിശോധിച്ച് 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കാറ്ററിംഗ് സ്ഥാപനത്തിലെ കിച്ചൻ ബ്ലോവറിൽ നിന്നുള്ള ശബ്ദമാണ് പരാതിക്ക് അടിസ്ഥാനം. സ്ഥാപനത്തിലെ ജീവനക്കാർ മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നു. നടക്കാവ് പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല.
പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. 30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.