നാലുവര്‍ഷ ബിരുദം: കാലിക്കട്ടിൽ ഒന്നാം സെമസ്റ്ററില്‍ 64.82 ശതമാനം വിജയം
1491286
Tuesday, December 31, 2024 6:23 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി നാലുവര്‍ഷ ബിരുദ ഒന്നാം സെമസ്റ്ററില്‍ 64.82 ശതമാനം വിജയം. യൂണിവേഴ്സിറ്റിക്ക് കീഴിലെ 309 ളജുകളില്‍ 92 പ്രോഗ്രാമുകളിലായി 566 പരീക്ഷകളാണ് നാലുവര്‍ഷ ബിരുദ പ്രകാരം നടന്നത്. 58067 പേര് എഴുതിയതില്‍ 37642 പേര് വിജയിച്ചു. ഇതില്‍ 25549 പെണ്‍കുട്ടികളും 12091 ആണ്‍കുട്ടികളും രണ്ട് ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടും.
നവംബര്‍ 26 ന് തുടങ്ങി ഡിസംബര്‍ അഞ്ചിനാണ് പരീക്ഷ പൂര്‍ത്തീകരിച്ചത്. തിങ്കളാഴ്ച പരീക്ഷാഭവനില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രൻ ഫല പ്രഖ്യാപനം നിർവഹിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ ബിരുദ പരീക്ഷയ്ക്കിരുത്തിയത് കാലിക്കട്ട് സര്‍വകലാശാലയാണ്. സമയബന്ധിതമായി ഫലപ്രഖ്യാപനം നടത്താന്‍ പ്രയത്നിച്ച കോളജ് പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, പരീക്ഷാഭവന് ജീവനക്കാര്‍ എന്നിവരെ വൈസ് ചാന്‍സലര്‍ അഭിനന്ദിച്ചു. സിന്‍ഡിക്കറ്റ് പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ടി. വസുമതി അധ്യക്ഷത വഹിച്ചു.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്ട്രോളര് ഡോ. ഡി.പി. ഗോഡ്വിന് സാംരാജ്, സിന്‍ഡിക്കറ്റംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്, എ.കെ. അനുരാജ്, അസി. രജിസ്ട്രാര്‍ ആര്.കെ. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എല്‍.ജി. ലിജീഷ്, ടി. ജെ. മാര്ട്ടിന്, ഡോ. ടി. മുഹമ്മദ് സലീം, സി.പി. ഹംസ മറ്റ് സിന്‍ഡിക്കറ്റ്, സെനറ്റംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.