സുനാമി മോക്ഡ്രില്‍ എട്ടിന്
1491854
Thursday, January 2, 2025 5:39 AM IST
മലപ്പുറം: സുനാമി മൂലം ജീവനും സ്വത്തിനും ഉണ്ടാകുന്ന നാശനഷ്ടം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി സംഘടിപ്പിക്കുന്ന ‘സുനാമി റെഡി പ്രോഗ്രാ’മിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മോക് ഡ്രില്‍ എട്ടിന് വെളിയങ്കോട് തീരമേഖലയില്‍ നടക്കും.
തീരദേശവാസികളെ സുനാമിയെ നേരിടുന്നതിന് സജ്ജമാക്കുന്ന പദ്ധതിയായ ‘സുനാമി റെഡി പ്രോഗ്രാ’മിന്റെ മൂന്നാം ഘട്ടമാണ് എട്ടിന് നടക്കുന്നത്. ഇതിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പുകള്‍, ജനപ്രതിനിധികള്‍, വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍, പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയുളള ടേബിള്‍ ടോപ്പ് എക്സസൈസ് വെളിയങ്കോട് അല്‍തമാം കണ്വന്ഷന് സെന്റെറില്‍ നാളെ നടക്കും.
കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളിലായി തെരഞ്ഞെടുക്കപ്പെട്ട ഒമ്പതു ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ശക്തമായ തീരശോഷണം നേരിടുന്നതിനാല്‍ വെളിയങ്കോടിനെയാണ് മലപ്പുറം ജില്ലയില്‍ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടം സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തിയിരുന്നു.