കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ മെഗാ ക്രിസ്മസ് ഘോഷയാത്ര
1491278
Tuesday, December 31, 2024 6:23 AM IST
കോഴിക്കോട്: കോഴിക്കോട് രൂപതയുടെ നേതൃത്വത്തിൽ "ഫെലിക്സ് നതാലിസ്’ എന്ന പേരില്‍ മഹാക്രിസ്മസ് ഘോഷയാത്ര സംഘടിപ്പിക്കും. ജനുവരി നാലിന് വൈകുന്നേരം നാലുമുതല്‍ ഏഴുവരെയാണ് ഘോഷയാത്ര. ആയിരത്തിൽപരം ക്രിസ്മസ് പപ്പമാര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
കോഴിക്കോട് സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര, നഗരത്തിലെ പ്രമുഖ സ്ഥലമായ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ സമാപിക്കും. സെന്റ് ജോസഫ് ദേവാലയത്തിൽ രൂപത മീഡിയ സെന്റർ പാക്സ് കമ്മ്യൂണിക്കേഷൻ സജ്ജമാക്കിയ ഫ്ലാഷ് മോബോടുകൂടി ഘോഷയാത്ര ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോഴിക്കോട് ബിഷപ് ഡോ.വര്‍ഗീസ് ചക്കാലക്കല്‍ സമാധാനത്തിന്റെ സന്ദേശമായ പ്രാവുകൾ പറപ്പിച്ച് ആരംഭിക്കുന്ന ഘോഷയാത്ര വയനാട് റോഡ് വഴി സി എച്ച് ഓവർബ്രിഡ്ജിലൂടെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ എത്തും. തുടർന്നുള്ള സമാപന സമ്മേളനം മേയര്‍ ഡോ. ബീനാഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പാക്സ് കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന തീം സോംഗ്, മേരിക്കുന്ന് നിർമല നഴ്സിംഗ് സ്കൂൾ, പ്രൊവിഡൻസ് കോളജ് എന്നിവർ അവതരിപ്പിക്കുന്ന ഫ്യൂഷൻ ഡാൻസ്, നാടകം, തുടങ്ങിയ കലാപരിപാടികൾ സമാപന സമ്മേളനത്തിൽ അരങ്ങേറും.
കോഴിക്കോട് രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ, മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. സൈമൺ പീറ്റർ, ഫാ. സോജൻ ആലുക്കൽ, സിസ്റ്റര്‍ പ്രീതി, എൽവിസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.