റോഡില്‍ സ്റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് വിജയരാഘവന്
1491849
Thursday, January 2, 2025 5:39 AM IST
താനൂര്‍: വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം റോഡില്‍ സ്റ്റേജ് കെട്ടി നടത്തിയതിനെ ന്യായീകരിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്. ഒരു സമരം നടത്തിയാല്‍ അത് സഹിക്കാന്‍ പറ്റാത്ത ആളുകള്‍ നമ്മുടെ നാട്ടിലുണ്ടെന്നും മലയില്‍ പോയി ആരെങ്കിലും പ്രകടനം നടത്തമോയെന്നും വിജയരാഘവന് പറഞ്ഞു. താനൂരില്‍ സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
റോഡില്‍ പ്രകടനം നടത്തിയാല്‍ അത് നടത്തുന്നവരെ പിടികൂടുന്ന അവസ്ഥയാണുള്ളത്. സമരം ചെയ്യാന്‍ ഒരു തെരുവെങ്കിലും വിട്ടുതരണമെന്നും വിജയരാഘവന് പറഞ്ഞു. അതേസമയം ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് കെട്ടിയ സംഭവത്തില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിക്കുകയും കേസെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായത്തിനായി കേരളം ഒന്നും ചോദിച്ചില്ലെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സര്‍വവിജ്ഞാനകോശം തങ്ങളാണെന്നാണ് മാധ്യമങ്ങളുടെ വിചാരം. ചാനല്‍ ചര്‍ച്ചയില്‍ അവതാരകരായി ഇരിക്കുന്നത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനേക്കാള്‍ വലിയ കണക്ക് വിദഗ്ധരാണ്. മാധ്യമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് വിരോധമാകാം. എന്നാല്‍ കുറച്ച് മനുഷ്യത്വം കൂടി വേണം. ജനപ്രിയ ഗവര്‍ണര്‍ പോയെന്ന് മാധ്യമങ്ങള്‍ എഴുതി.
ആ ഗവര്‍ണര്‍ നാടിനോട് ചെയ്ത ദ്രോഹം ഒരുവരിയെങ്കിലും എഴുതിയതു കണ്ടില്ല. കോണ്‍ഗ്രസ് വര്‍ഗീയതയ്ക്ക് വിധേയപ്പെട്ടു. ജന്മിയുടെ വീട്ടില്‍ വാഴക്കുല കൊണ്ടുപോകുന്നത് പോലെയാണ് സന്ദീപ് വാര്യരേയും കൊണ്ട് കോണ്‍ഗ്രസ് പോയത്. എവിടേക്കാണ് കൊണ്ടുപോയതെന്ന് താന്‍ പറയുന്നില്ലെന്നും വിജയരാഘവന് പറഞ്ഞു.
ഹിന്ദുത്വ വര്‍ഗീയതയോട് വലിയ വിരോധമില്ല എന്നതാണ് യുഡിഎഫ് സമീപനം. ന്യൂനപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മലപ്പുറത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നു. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും അതിന്റെ മുന്നില്‍ നില്ക്കുമ്പോള് മുസ്ലിം ലീഗ് ഒളിച്ചുനില്ക്കുന്നു.
വര്‍ഗീയതയെ എതിര്‍ക്കുമ്പോള്‍ അവരെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്നു. ഇഎംഎസിനെ പോലും മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നു. ഇഎംഎസിന്റെ ധൈഷണികത മായ്ക്കാന്‍ ലീഗുകാര്‍ വിചാരിച്ചാല്‍ നടക്കില്ലെന്നും വിജയരാഘവന് പറഞ്ഞു.