ദുരിതക്കയത്തിൽ രാജീവ് ഗാന്ധി കോളനിവാസികൾ
1491011
Monday, December 30, 2024 6:10 AM IST
മുക്കം: ദുരിതങ്ങളുടെ ആഴങ്ങളിൽ ജീവിതം തള്ളിനീക്കി മുക്കം നഗരസഭയിലെ കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കുടുംബങ്ങൾ. 30 വർഷം മുൻപ് സംസ്ഥാന ഭവന നിർമാണ ബോർഡ് മിച്ചഭൂമിയിൽ നിർമിച്ച് നൽകിയ അൻപതോളം വീടുകളിൽ കഴിയുന്നവരാണ് അസൗകര്യങ്ങളുടെയും ദുരിതങ്ങളുടെയും നടുവിൽ വീർപ്പുമുട്ടുന്നത്.
വെറും രണ്ടര മീറ്റർ മാത്രം ഉയരവും ഏതാണ്ട് നാലുമീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള ഒരു മുറിയും അതിന്റെ നാലിലൊരു ഭാഗം മാത്രമുള്ള ഒരു അടുക്കളയുമാണ് ഇവിടെത്തെ വീട്. ഇതിലാണ് ഓരോ കുടുംബവും രാവും പകലും തള്ളി നീക്കുന്നത്. കുടുംബത്തിൽ അംഗ സംഖ്യ വർധിക്കുന്നതിനനുസരിച്ച് തകര ഷീറ്റു കൊണ്ട് മേഞ്ഞു അൽപ്പം വലിപ്പം വർധിപ്പിച്ചതാണ് ആകെ വന്ന മാറ്റം. എല്ലാ വീടുകളുടെയും മേൽക്കൂര സിമന്റ് അടർന്നു വീണ് തുരുമ്പിച്ച കമ്പികൾ പുറത്തുവന്ന നിലയിലാണ്.
മഴക്കാലത്ത് ചോർച്ചയും വേനൽക്കാലത്ത് സഹിക്കാനാവാത്ത ഉഷ്ണവും കാരണം രാത്രി ഒരുപോള കണ്ണടക്കാൻ പോലുമാവാത്ത തരത്തിലാണ് ഇവിടെയുള്ള ഓരോരുത്തരുടെയും ജീവിതം കടന്നു പോവുന്നത്. താമസയോഗ്യമല്ലാത്തതിനാൽ പലരും ഇവിടം വിട്ടുപോയി മറ്റു സ്ഥലങ്ങളിൽ വാടകക്ക് താമസിക്കുകയാണ്. ചിലരാകട്ടെ കിട്ടിയ വിലക്ക് വീട് വിറ്റ് രക്ഷപ്പെട്ടു. അൻപതോളം വീടുകളിൽ ചിലതിൽ മാത്രമാണ് ഇപ്പോൾ താമസക്കാരുള്ളത്. ഈയടുത്ത കാലത്താണ് ഇവരിൽ പലർക്കും പട്ടയം കിട്ടിയത്. വീട് നിൽക്കുന്ന സ്ഥലം മൂന്നു സെന്റിന് മുകളിലുണ്ടെന്നു പറയുന്നുണ്ടെങ്കിലും പലർക്കും രണ്ടര സെന്റ് മാത്രമേയുള്ളൂ. അതിനാൽ തന്നെ പലരും ലൈഫ് ഭവന നിർമാണ പദ്ധതിക്ക് പുറത്താണ്.
തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാർ വന്നു വാഗ്ദാനങ്ങൾ നൽകി പോകുന്നതല്ലാതെ അവരെ പിന്നീട് കാണാറില്ലെന്നാണ് ഇവരുടെ പ്രധാന പരാതി. കോളനിയിലേക്കുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ ഓട്ടോറിക്ഷയ്ക്ക് പോലും ഇവിടേക്ക് വരാൻ സാധിക്കാത്ത അവസ്ഥയാണ്. വീട് താമസയോഗ്യമായിക്കിട്ടണം എന്ന ഒരാവശ്യമേ ഇവർക്കുള്ളൂ. ഈ ആവശ്യവുമായി പരാതിയുമായി പലയിടത്തും കയറിയിറങ്ങി. ഒടുവിൽ കോളനി നിവാസികളെല്ലാം ഒപ്പിട്ട പരാതി പ്രിയങ്ക ഗാന്ധി എംപിക്കു നൽകി.
നഗരസഭാ അധികൃതർ തങ്ങളെ അവഗണിക്കുകയാണെന്നാണിവരുടെ പരാതി. എന്നാൽ നഗരസഭക്ക് ഇതിൽ പങ്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഭവന നിർമാണ ബോർഡിന്റെ അധീനതയിലുള്ള കാര്യത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് നഗരസഭയുടെ വിശദീകരണം. മുൻപ് ഇവിടെ ഫ്ലാറ്റ് നിർമിച്ച് പുനരധിവസിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കോളനി നിവാസികൾ തയാറായിരുന്നില്ലെന്നും ഇനിയും അവർ തയാറാവുകയാണെങ്കിൽ ഭവന സമുച്ചയം നിർമിച്ച് നൽകാൻ തയാറാണെന്നും നഗരസഭ ചെയർമാൻ പി.ടി ബാബു പറഞ്ഞു.