"ഇനി ഞാനൊഴുകട്ടെ' ജനകീയ കാമ്പയിന് ജില്ലയില്‍ തുടക്കമായി
1491009
Monday, December 30, 2024 6:10 AM IST
കോഴിക്കോട്: നീര്‍ച്ചാലുകളുടെയും ജല സ്രോതസുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷന് ആരംഭിച്ച ഇനി ഞാനൊഴുകട്ടെ ജനകീയ കാമ്പയിനിന് ജില്ലയില്‍ തുടക്കമായി. മേപ്പയ്യൂര്‍ പഞ്ചായത്തിലെ ആച്ചിക്കുളങ്ങര- കണ്ടംചിറ തോട് ശുചീകരിച്ചു കൊണ്ട് ടി.പി. രാമകൃഷ്ണന് എംഎല്‍എ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.
സമ്പൂര്‍ണ ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാന്‍ മാലിന്യ മുക്ത പ്രദേശങ്ങള്‍ക്കായുളള ഇത്തരം മുന്നേറ്റത്തില്‍ ജനങ്ങളും അണിചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് എന്നിവര്‍ മുഖ്യാതിഥികളായി. ഹരിത കേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ടി. പ്രസാദ് കാമ്പയിന് വിശദീകരിച്ചു സംസാരിച്ചു.
മൈത്രി നഗറില്‍ ആരംഭിച്ച് നരിക്കുനി പാലം വരെയുളള 2.1 കി മീ ദൂരമാണ് പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ശുചീകരിച്ചത്. തുടര്‍ന്ന് തോടിന്റെ ഒഴുക്ക് സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്സ് (ജിസിസി), എന്‍എസ്എസ് യൂണിറ്റ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി ആയിരങ്ങള്‍ ശുചീകരണത്തില്‍ പങ്കാളികളായി.
മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മഞ്ഞക്കുളം നാരായണന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ.കെ. നിഷിദ, അഷിത നടുക്കാട്ടില്‍, എ.പി. രമ്യ, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ വി. സുനില്‍, വി.പി. രമ, ഭാസ്കരന് കൊഴുക്കല്ലൂര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്, എന്‍.എം. ദാമോദരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.
മേപ്പയൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ ഗ്രീന്‍ കേഡറ്റ് കോര്‍പ്സിന്റെ 2024-25 വര്‍ഷത്തെ മാതൃക പ്രവര്‍ത്തന രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ചടങ്ങില്‍ വച്ച് പ്രകാശനം ചെയ്തു.