"ദാതാവും സ്വീകര്‍ത്താവും തമ്മില്‍ വൈകാരിക ബന്ധമില്ല': വൃക്കമാറ്റ ശസ്ത്രക്രിയക്ക് അനുമതി തേടിയുള്ള അപ്പീല്‍ തള്ളി സര്‍ക്കാര്‍
1491008
Monday, December 30, 2024 6:10 AM IST
കോഴിക്കോട്: വൃക്കമാറ്റ ശസ്ത്രക്രിയക്ക് അനുമതി തേടി സ്വീകര്‍ത്താവും ദാതാവും സമര്‍പ്പിച്ച അപേക്ഷ തള്ളി സംസ്ഥാന സര്‍ക്കാര്‍. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ ജില്ലാതല ഓതറൈസേഷന്‍ കമ്മിറ്റി അനുമതി നിഷേധിച്ചതിനെതിരേ ദാതാവും സ്വീകര്‍ത്താവും സമര്‍പ്പിച്ച അപ്പീലാണ് സര്‍ക്കാര്‍ തള്ളിയത്. വൃക്ക സ്വീകര്‍ത്താവായ അബദുള്‍ റഷീദ് എന്നയാളും ദാതാവായ നിഷാദ് എന്നയാളുമാണ് അവയവമാറ്റ ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ അനുമതി തേടിയത്. അബ്ദുള്‍ റഷീദിന്റെ അകന്ന ബന്ധുവാണ് നിഷാദ്.
സ്വീകര്‍ത്താവും ദാതാവും തമ്മില്‍ വൈകാരിക ബന്ധമൊന്നുമില്ലെന്നും മറ്റെന്തെിങ്കിലും നേട്ടമായിരിക്കാം വൃക്ക ദാനം ചെയ്യലിനു പിന്നില്ലെന്നും ചൂണ്ടിക്കാട്ടി കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോഴിക്കോട് ജില്ലാതല സമിതി അനുമതി നിഷേധിച്ചത്. പരോപകാരത്തിന്റെ പേരില്‍ വൃക്ക ദാനം ചെയ്യുന്നതായി കരുതാന്‍ തക്കവണ്ണമുള്ള തെളിവുകളൊന്നുമില്ലെന്നു ജില്ലാ തല സമിതി വിലയിരുത്തി. തങ്ങള്‍ സമര്‍പ്പിച്ച രേഖഖള്‍ പരിശോധിക്കുന്നതിലും അന്വേഷണം നടത്തുന്നതിലും ജില്ലാതല സമിതി പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ദാതാവും സ്വീകര്‍ത്താവും അപ്പീലുമായി സര്‍ക്കാരിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റി ഈ വിഷയം പരിശോധിച്ചു.
അബ്ദുള്‍ റഷീദും നിഷാദും തമ്മില്‍ അകന്ന ബന്ധമുണ്ടെന്നതൊഴിച്ച് ഇവര്‍ തമ്മില്‍ വൈകാരിക ബന്ധമില്ലെന്നാണ് സംസ്ഥാന ഓര്‍ഗണ്‍ ആന്‍ഡ് ടിഷ്യു ട്രാന്സ്പ്ലാന്റേഷന് ഓര്ഗനൈസേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു.
ദാതാവും സ്വീകര്‍ത്താവും തമ്മില്‍ കുടുംബപരമായി വര്‍ഷങ്ങളായി വലിയ ബന്ധമില്ല. അകന്ന ബന്ധു എന്നത് അവയവമാറ്റത്തിനുള്ള ദൃഢമായ കാരണമല്ലെന്നും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനതല സമിതിയുടെ ശിപാര്‍ശയും കൂടി പരിഗണിച്ചാണ് അബ്ദുള്‍ റഷീദിന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്.