ദക്ഷിണ മേഖല വനിതാ ഫുട്ബോള്‍: കാലിക്കട്ടിന് ചരിത്ര വിജയം
1491006
Monday, December 30, 2024 6:10 AM IST
തേഞ്ഞിപ്പലം: സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി വനിതാ ഫുട്ബോളില്‍ കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം. അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയ നാല് ടീമുകള്‍ തമ്മിലുള്ള ലീഗ് മത്സരത്തില്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തിയാണ് കാലിക്കട്ട് ചാമ്പ്യന്മാരായത്.
കാരക്കുടിയിലെ അളകപ്പ യൂണിവേഴ്സിറ്റിയില്‍ നടന്ന ഇന്റര്‍ യൂണിവേഴ്സിറ്റി വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ ലീഗിലെ അവസാന മത്സരത്തില്‍ കാലിക്കട്ട്, അണ്ണാമലൈ സര്‍വകലാശാലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ചരിത്രത്തില്‍ ആദ്യമായി ദക്ഷിണ മേഖല ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കട്ട് വനിതാ ടീം ഒന്നാമതെത്തി കിരീടം ചൂടുകയായിരുന്നു. ലീഗിലെ ആദ്യ മത്സരത്തില്‍ തമിഴ്നാട് വേല്‍സ് സര്‍വകലാശാലയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ മദ്രാസ് സര്‍വകലാശാലയെ സമനിലയില്‍ തളച്ച് ഏഴ് പോയിന്റോടെ കിരീടം നേടി.
ഫാറൂഖ് കോളജിലെ കായിക പഠന വിഭാഗം തലവന്‍ ഇര്‍ഷാദ് ഹസനാണ് ടീമിന്റ മുഖ്യപരിശീലകന്‍. ജെസി എളയിടത്ത് സഹപരിശീലകയാണ്. ജനുവരി 11 മുതല്‍ 16 വരെ പഞ്ചാബിലെ ജിഎന്‍എ സര്‍വകലാശാലയില്‍ നടക്കുന്ന അഖിലേന്ത്യാ ഇന്റര്‍ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കട്ട് വനിതാ ഫുട്ബോള്‍ ടീം പങ്കെടുക്കും.