ആംബുലന്‍സ് ഡ്രൈവറാകാന്‍ കൊതിച്ച് സ്വര്‍ണമെഡല്‍ ജേതാവ് സി.കെ. അഖില്‍
1491005
Monday, December 30, 2024 6:10 AM IST
കോഴിക്കോട്: സംസ്ഥാന സ്പെഷല്‍ ഒളിംപിക്സില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ സ്വർണം നേടിയ സി.കെ. അഖിലിന് ആഗ്രഹം ആംബുലന്‍സ് ഡ്രൈവറാകാന്‍. ഭിന്നശേഷി മറികടന്ന് ഡ്രൈവിംഗ് പഠിക്കാനുള്ള ആലോചനയിലാണ് അഖില്‍. മത്സരിച്ച 400 മീറ്റര്‍ ഓട്ടത്തില്‍ അഖില്‍ വെങ്കലവും നേടി. ആദ്യ മത്സരത്തില്‍ത്തന്നെ സ്വര്‍ണ്ണം നേടാന്‍ പ്രാപ്തനാക്കിയത് എരഞ്ഞിപ്പാലത്തുള്ള യുഎല്‍ കെയര്‍ വി.ആര്. നായനാര്‍ ബാലികാസദനത്തിലെ പരിശീലനമാണെന്ന് അഖില്‍ പറയുന്നു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ സാമൂഹിക സേവന വിഭാഗമായ യുഎല്‍ ഫൗണ്ടേഷന് ഭിന്നശേഷിക്കാർക്കായി നടത്തുന്ന സ്ഥാനമാണ് യുഎല്‍ കെയര്‍ നായനാര്‍ സദനം. സദനത്തില്‍ 2018ല്‍ എത്തിച്ചേര്‍ന്നതോടെയാണ് അഖിലിന്റെ ജീവിതം മാറിമറിഞ്ഞത്. കായിക പരിശീലനത്തിനൊപ്പം നൈപുണ്യ പരിശീലനവും നേടിയ അഖിലിന് സദനം അധികൃതര്‍തന്നെ ജോലിയും തരപ്പെടുത്തി.
ഭിന്നശേഷിക്കാരനായ തനിക്ക് ഡ്രൈവിംഗ് പരിശീലിക്കാനാവുമോ എന്നൊന്നും അഖില്‍ ആലോചിക്കുന്നില്ല. അത്രയ്ക്ക് ആഗ്രഹമാണ് ആംബുലന്‍സ് ഡ്രൈവറാകാന്‍. സ്വന്തം വരുമാനംകൊണ്ടു വാങ്ങിയ ഫോണില്‍ നിറയെ ആംബുലസുകളുടെ ചിത്രങ്ങളാണ്. മൂന്നു വര്‍ഷം മലബാര്‍ ഹോസ്പിറ്റലില്‍ അറ്റന്‍ഡര്‍ ആയിരുന്ന അഖില്‍ ഇപ്പോള്‍ കൊച്ചിന് ബേക്കറിയിലെ ജീവനക്കാരനാണ്.
കൊയിലാണ്ടി നമ്പ്രത്ത്കരക്കാരനായ അഖിലിന്റെ രണ്ട് സഹോദരന്മാരും ഭിന്നശേഷിക്കാരാണ്. ജേഷ്ഠനു ചലനശേഷിയും അനുജനു സംസാരശേഷിയും കുറവാണ്. ഓട്ടോ ഡ്രൈവറായ അച്ഛന് സുരേന്ദ്രന് നട്ടെല്ലിനു പരിക്കു പറ്റി ജോലി ചെയ്യാനാവാത്ത അവസ്ഥയിലാണ്. ജ്യേഷ്ഠനു പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്തതിനാല്‍ ജോലിക്ക് പോകാന്‍ അമ്മ ശ്യാമളയ്ക്കും കഴിയുന്നില്ല. ഇത്തരം അവസ്ഥയില്‍ കുടുംബത്തിനു തെല്ലെങ്കിലും ആശ്വാസം പകരാന്‍ കഴിയുന്നതിലെ സന്തോഷവും അഖില്‍ പരിമിതമായ വാക്കുകളിലൂടെ പ്രകടിപ്പിച്ചു.
കുടുംബജീവിതത്തെപ്പറ്റി സ്വപ്നങ്ങള്‍ നെയ്യുന്ന അഖില്‍ പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയാല്‍ സ്വന്തമാക്കണമെന്ന ആഗ്രഹവും പങ്കുവച്ചു. അഖില്‍ നല്ലൊരു പാട്ടുകാരന്കൂടിയാണെന്ന് അഖിലിന്റെ ടീച്ചര്‍ യുഎല്‍ കെയര്‍ നായനാര്‍ സദനം പ്രിന്‍സിപ്പല്‍ പി. തങ്കമണി സാക്ഷ്യപ്പെടുത്തുന്നു. സ്വപ്നങ്ങളിലേക്കു സ്വന്തം കാലില്‍ നടന്നെത്താനുള്ള വെമ്പലുണ്ട് നിശ്ചയദാര്ഢ്യക്കാരനായ ഈ മിടുക്കന്റെ ഓരോ വാക്കിലും.