സംസ്ഥാന സർഗോത്സവം: കട്ടേല സ്കൂൾ ജേതാക്കൾ
1491004
Monday, December 30, 2024 6:10 AM IST
മാനന്തവാടി: റെസിഡൻഷൽ സ്കൂളുകളിലെയും പ്രീ, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്കായി പട്ടികവർഗ വികസന വകുപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ത്രിദിന കലാമേളയിൽ (സർഗോത്സവം) 136 പോയിന്റോടെ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷൽ സ്കൂൾ ജേതാക്കളായി. 116 പോയിന്റ് നേടിയ ചാലക്കുടി മോഡൽ റെസിഡൻഷൽ സ്കൂളിനാണ് രണ്ടാം സ്ഥാനം. 112 പോയന്റുമായി കാസർഗോഡ് പരവനടുക്കം മോഡൽ റെസിഡൻഷൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
വിവിധ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനം നേടിയ സ്കൂളുകൾ (സ്കൂൾ, പോയിന്റ് ക്രമത്തിൽ).
മോഡൽ റെസിഡൻഷൽ സ്കൂൾ(ആണ്‍കുട്ടികൾ)-ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷൽ സ്കൂൾ നല്ലൂർനാട് (57), മോഡൽ റെസിഡൻഷൽ സ്കൂൾ, കുളത്തുപ്പുഴ(54), സാവിത്രിബായ് ഫുലെ മോമോറിയൽ ആശ്രമം സ്കൂൾ കാസർഗോഡ്(51), മോഡൽ റെസിഡൻഷൽ സ്കൂൾ വടശേരിക്കര (51).
ഹോസ്റ്റൽ സ്കൂൾ (ആണ്‍കുട്ടികൾ)-ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് കാസർഗോഡ്(32), ഐടിഡിപി ഓഫീസ് അട്ടപ്പാടി(30), ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് സുൽത്താൻ ബത്തേരി(25). മോഡൽ റെസിഡൻഷൽ സ്കൂൾ(പെണ്‍കുട്ടികൾ)-ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റെസിഡൻഷൽ സ്കൂൾ കട്ടേല, തിരുവനന്തപുരം(136), മോഡൽ റെസിഡൻഷൽ സ്കൂൾ ചാലക്കുടി(116), മോഡൽ റെസിഡൻഷൽ സ്കൂൾ പരവനടുക്കം(112). ഹോസ്റ്റൽ സ്കൂൾ (പെണ്‍കുട്ടികൾ)-ട്രൈബൽ പ്രോജക്ട് ഓഫീസ് സുൽത്താൻ ബത്തേരി(63),ഐടിഡിപി ഓഫീസ് കണ്ണൂർ(60) ഐടിഡിപി ഓഫീസ് അട്ടപ്പാടി(57).
മേളയിൽ ജൂണിയർ വിഭാഗം കലാതിലകമായി തിരുവനന്തപുരം ഞാറനീലി ഡോ.അംബേദ്കർ വിദ്യാനികേതനിലെ ബി. ദീപ്തിയെ തെരഞ്ഞെടുത്തു. തിരുനെല്ലി ആശ്രമം മോഡൽ റെസിഡൻഷൽ സ്കൂളിലെ ആർ.എസ്. സഞ്ജയ് ആണ് കലാപ്രതിഭ. സീനിയർ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി ഐടിഡിപിയിലെ എൻ. സീതലക്ഷ്മിയാണ് കലാതിലകം. മലന്പുഴ ആശ്രമം മോഡൽ റെസിഡൻഷൽ സ്കൂളിലെ അനന്തു സനിൽ കലാപ്രതിഭയായി.
ഗദ്ദിക, തുടി, കനലി, പഞ്ചിത്താള്, പനച്ചകം എന്നിങ്ങനെ അഞ്ച് വേദികളിലാണ് സർഗോത്സവത്തിലെ മത്സരങ്ങൾ നടന്നത്. അന്യമാവുന്ന ഗോത്രകലാരൂപങ്ങൾ അരങ്ങിലെത്തിയത് ആസ്വാദകർക്ക് വേറിട്ട അനുഭവമായി. അതിദ്രുത താളമേളങ്ങളോടെയുള്ള പാട്ടുകളുടെയും നൃത്തരൂപങ്ങളുടെയും അവതരണം നിറഞ്ഞ സദസിലാണ് നടന്നത്.