ദേശീയപാതയിലെ മണ്ണെടുപ്പ്: സമരക്കാര്‍ക്കു നേരേ പോലീസ് അതിക്രമം
1491003
Monday, December 30, 2024 6:10 AM IST
കോഴിക്കോട്: ചേളന്നൂര്‍ പോഴിക്കാവില്‍ ദേശീയപാത നിര്‍മാണത്തിന് അശാസ്ത്രീയമായി മണ്ണെടുക്കുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി എത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്കെതിരേ പോലീസ് അതിക്രമം. സമരക്കാരെ പോലീസ് റോഡിലൂടെ വലിച്ചിഴക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പരാതിയുയര്‍ന്നു. പോലീസ് നടത്തിയ ബലപ്രയോഗത്തിനിടെ യുവതി ബോധരഹിതയായി. അതിനിടെ മണ്ണെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു. അറസ്റ്റിലായ നാട്ടുകാരെ വിട്ടയയ്ക്കാനും തീരുമാനമായി. ജനകീയ സമരസമിതി, പൊലീസ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
രാവിലെ മുതല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിഷേധക്കാരെ നേരിടാന്‍ വന്‍ പോലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. സമരം നയിച്ച ചേളന്നൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. സുരേഷ് കുമാറിനെ പോലീസ് വലിച്ചിഴച്ചു. ആരോഗ്യപ്രശ്നങ്ങളുള്ള തന്നെ രണ്ടു കയ്യിലും കാലിലും തൂക്കിയാണ് പോലീസ് വലിച്ചിഴച്ചതെന്ന് സുരേഷ്കുമാര്‍ പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ ഗൗരി പുതിയോത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ. കവിത എന്നിവര്‍ക്കു നേരെയും പോലീസ് അതിക്രമമുണ്ടായതായി സമരക്കാര്‍ ആരോപിച്ചു. കുന്നിടിച്ച മണ്ണുമായി പോയ ലോറികള്‍ രണ്ടു തവണ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ സമരക്കാരെ അറസ്റ്റു ചെയ്തു നീക്കാനാണ് പോലീസ് ബലപ്രയോഗം നടത്തിയത്.
പോഴിക്കാവിലെ അശാസ്ത്രീയ മണ്ണെടുപ്പിനെതിരെ കുറച്ചുനാളുകളായി നാട്ടുകാരുടെ ഭാഗത്ത് നിന്നു ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജിയോളജിക്കല്‍ സര്‍വേയുടെ നോട്ടീസ് ഉണ്ടെങ്കില്‍ പോലും അതിനെ അനുമതിയായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വലിയ മഴയുണ്ടായാല്‍ നാട് ഒന്നടങ്കം ഒലിച്ചുപോകുന്ന തരത്തിലാണ് മണ്ണെടുപ്പെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘര്‍ഷസ്ഥലം സന്ദര്‍ശിച്ചു.