കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
1491001
Monday, December 30, 2024 6:09 AM IST
കോഴിക്കോട്: 2025 ജൂബിലി വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരം കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. മദര്‍ ഓഫ് ഗോഡ് കത്തീഡ്രല്‍ ദേവാലയത്തില്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തിയ ആഘോഷപൂര്‍വമായ ദിവ്യബലിയോടെയാണ് ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചത്.
ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്ന ഭദ്രാസന ദേവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങള്‍ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ചു. ദിവ്യബലിയില്‍ ആശീര്‍വദിച്ച ജൂബിലി കുരിശ് എല്ലാ ഇടവകകളിലേക്കും കൊണ്ടുവരുമെന്ന് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അറിയിച്ചു.
ജൂബിലി ആഘോഷം രൂപതയിലും ഇടവകകളിലും ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും വ്യാപ്തിയും വര്‍ധിപ്പിക്കുന്നതിന് സഹായിക്കട്ടെയെന്ന് ബിഷപ് ഉദ്ബോധിപ്പിച്ചു.
രൂപതാ തല ഉദ്ഘാടനത്തിനുശേഷം ജനുവരി അഞ്ചിന് ഓരോ ഇടവകകളിലും വികാരിയച്ചന്റെയും പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലിന്റെയും അജപാലന ശുശ്രൂഷാ സമിതിയുടെയും നേതൃത്വത്തില്‍ ഇടവകാതല ജൂബിലി ആഘോഷങ്ങള്‍ നടത്തും. ജനറല്‍ കണ്‍വീനര്‍ മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍, റവ. ഡോ ജെറോം ചിങ്ങംതറ, റവ. ഡോ. അലോഷ്യസ് കുളങ്ങര, മോണ്‍ വിന്‍സന്റ് അറയ്ക്കല്‍,
കണ്‍വീനര്‍മാരായ സജീവ് വര്‍ഗീസ്, ബിനു എഡ്വേര്‍ഡ്, ടി.എഫ്. ജോയ് എന്നിവര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി.