തോട്ടുമുക്കത്തെ കരിങ്കൽക്വാറിയുടെ പ്രവർത്തനാനുമതി റദ്ദാക്കണം; ജനകീയ സമര സമിതി
1490766
Sunday, December 29, 2024 5:36 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം ദേവസംകാട് പെട്രോൾ പമ്പിനു സമീപം വീടുകളുടെ പരിസരത്ത് കരിങ്കൽ ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയതിനെതിരേ പ്രതിഷേധം വ്യാപകം. വാർഡ് മെമ്പറുടെയും ഭരണ സമിതിയുടെയും നിലപാടിനെതിരേ പ്രക്ഷോഭം
സംഘടിപ്പിക്കുമെന്ന് ജനകീയ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കരിങ്കൽ ക്വാറിക്ക് അനുമതി നൽകുകയില്ലെന്ന് അധികൃതർ പ്രദേശവാസികൾക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ഒരാഴ്ചയ്ക്കുള്ളിൽ അനുമതി നൽകിയത്. ജനകീയ സമരവും കോടതി വിധിയും കണക്കിലെടുത്ത് 2016ൽ പ്രവർത്തനം നിർത്തിയ ക്വാറിയാണ് വീണ്ടും പ്രവർത്തനമാരംഭിച്ചത്.
ഇവിടെ പാറ പൊട്ടിക്കുമ്പോഴുള്ള പ്രകമ്പനം മൂലം നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
കുടിവെള്ള സ്രോതസുകൾക്കും കൃഷികൾക്കും നാശത്തിന് ഹേതുവാക്കുന്ന ക്വാറിയുടെ പ്രവർത്തനം തടയണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം. ക്വാറി അനുമതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തുകൾക്ക് നൽകിയ അനുമതി സർക്കാർ എടുത്ത് കളഞ്ഞതും തങ്ങളെ ബാധിച്ചതായും ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ മുസ്തഫ ചക്കാലൻ കുന്നത്ത്, കൺവീനർ കുര്യാക്കോസ് മുണ്ടപ്ലാക്കൽ, വൈസ് ചെയർമാൻ അലവിക്കുട്ടി കുന്നക്കാടൻ എന്നിവർ പങ്കെടുത്തു.