ദേശീയപാത നിർമാണം: പൊടിശല്യത്തിന് പരിഹാരം കാണും
1490764
Sunday, December 29, 2024 5:36 AM IST
കോഴിക്കോട്: ദേശീയപാതയില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന ഇടങ്ങളിലെ സര്‍വീസ് റോഡുകളില്‍ രൂക്ഷമായ പൊടിശല്യത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി.
സര്‍വീസ് റോഡുകളില്‍ പൊടി ഉയരുന്ന പ്രദേശങ്ങളില്‍ നല്ല രീതിയില്‍ ടാറിംഗ് ചെയ്തോ ഇടവിട്ട് വെള്ളം തളിച്ചോ പ്രശ്നം പരിഹരിക്കണമെന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. പൊടിശല്യം മൂലം യാത്രക്കാരും റോഡിന് വശത്തെ സ്കൂളുകളിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ പ്രയാസം അനുഭവിക്കുന്നതായി കാനത്തിൽ ജമീല എംഎൽഎ പറഞ്ഞു.
പൊടി ശല്യം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.നൊച്ചാട്, ചക്കിട്ടപ്പാറ, ചെമ്പനോട, ചങ്ങരോത്ത് വില്ലേജുകളില്‍ പട്ടയം വിതരണം നടന്ന് മൂന്നു വര്‍ഷത്തിലേറെയായിട്ടും ഉടമസ്ഥരില്‍ നിന്ന് നികുതി സ്വീകരിക്കാന്‍ തയ്യാറാവാത്ത ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് ടി.പി. രാമകൃഷ്ണന് എംഎല്‍എ പറഞ്ഞു. ഇതുകാരണം അവര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാനോ ബാങ്കില്‍ നിന്ന് വായ്പ എടുക്കാനോ പറ്റാത്ത സ്ഥിതിയാണ്.
ഇക്കാര്യത്തില്‍ അടിയന്തര നടപടി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലം, നെല്ല്യാടി മേപ്പയ്യൂർ റോഡ്, അകലാപുഴ പാലം ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയോര ഹൈവേയുടെ ഭാഗമായ പേരാമ്പ്ര - നാദാപുരം റീച്ച്, ശവർമുഴി പാലം എന്നിവ എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.
കുന്നുമ്മേൽ വോളിബോൾ അക്കാദമി, പുറമേരി ഇൻഡോർസ്റ്റേഡിയം എന്നിവ പ്രവർത്തന സജ്ജമാക്കണമെന്ന് കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ആവശ്യപ്പെട്ടു. തിക്കോടി ഇൻഡോർ സ്റ്റേഡിയം പ്രവർത്തനസജ്ജമാക്കണമെന്ന് കാനത്തിൽ ജമീല എംഎൽഎ ആവശ്യപ്പെട്ടു.ജില്ലാ വികസന സമിതി ചെയര്‍മാനായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു