ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനന നീക്കം നാട്ടുകാർ തടഞ്ഞു
1490762
Sunday, December 29, 2024 5:36 AM IST
നാദാപുരം: ചെക്യാട്, വളയം പഞ്ചായത്തുകളിൽ വ്യാപിച്ച് കിടക്കുന്ന ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനന നീക്കം നാട്ടുകാർ തടഞ്ഞു. ഖനന പ്രവർത്തനങ്ങൾക്കായി സാധന സാമഗ്രികളുമായി പോലീസ് സംരക്ഷണയിൽ എത്തിയ സംഘത്തെയാണ് നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സമരക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമുയർന്നതോടെ സംഘർഷസാധ്യത രൂപപ്പെട്ടു.
ഖനന പ്രവർത്തിക്കെത്തിയവരെ പോലീസ് തിരിച്ചയച്ചു. ചെക്യാട് പഞ്ചായത്തിലെ മൂന്ന് നാല് വാർഡ് കളിലും വളയം പഞ്ചായത്തിലെ മൂന്നാം വാർഡിലുമായി 50 ഏക്കറിലേറെ ഭൂമിയിലാണ് ഇരുന്നിലാട്കുന്ന് സ്ഥിതി ചെയ്യുന്നത്. ജനവാസ മേഖലയിലെ കുന്നിൽ ഖനന നീക്കം തുടങ്ങിയിട്ട് മാസങ്ങളായി. ആയുർവേദ ആശുപത്രി തുടങ്ങാനെന്ന പേരിലാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചിലർ ഇരുന്നിലാട് കുന്നിലെ ഭൂമി വാങ്ങിയത്. ഇവിടേക്ക് ഇവർ വഴിയും വെട്ടിയിരുന്നു. ഇതിനിടെ ഖനന നീക്കം ആരംഭിച്ചതോടെ പരിസരവാസികളുടെ എതിർപ്പ് ശക്തമാകുകയും പ്രവൃത്തി അവസാനിപ്പിക്കുകയുമായിരുന്നു. തുടർന്ന് ശനിയാഴ്ച്ച രാവിലെ ഖനന മാഫിയകൾ പോലീസ് സംരക്ഷണയിൽ സ്ഥലത്തെത്തിയത്. വൻ പോലീസ് സന്നാഹവും ഖനനത്തിന് ആവശ്യവുമായ യന്ത്രങ്ങളുമായെത്തിയെങ്കിലും ഇരുന്നൂറോളം വരുന്ന ജനകീയ പ്രതിഷേധക്കാർ വാഹനം തടയുകയായിരുന്നു.
ഖനന പ്രവർത്തനങ്ങൾ നടന്നാൽ ഉരുൾപൊട്ടലടക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും നാട്ടുകാർ ആരോപിക്കുന്നു. മാത്രമല്ല രണ്ട് പഞ്ചായത്തുകളിലെ പരിസ്ഥിതി സന്തുലനാവസ്ഥ തകരുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പ്രതിഷേധ പരിപാടിക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ടി.കെ. ഷൈനി, കെ. ബീജ, ആക്ഷൻ കമ്മിറ്റി പ്രവർത്തകരായ പുത്തോളി കുമാരൻ, കെ.പി. നാണു, പാറയിടുക്കിൽ കുമാരൻ, സുധീഷ് കൈത്തോട്ടിൽ, യു.പി. കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം കൊടുത്തു.