നാണയ കറൻസി പ്രദർശനം ആരംഭിച്ചു
1490760
Sunday, December 29, 2024 5:36 AM IST
കോഴിക്കോട്: കാലിക്കട്ട് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒമ്പതാമത് നാണയ കറൻസി പ്രദർശനം റെയിൽവേ സ്റ്റേഷനിൽ സമീപമുള്ള സുകൃതിന്ദ്ര കലാമന്ദിറിൽ ആരംഭിച്ചു.
പ്രദർശനം എസ്ബിഐ ഡെപ്യൂട്ടി ജനറൽ മാനേജർ സുരേഷ് വാക്കിയിൽ ഉദ്ഘാടനം ചെയ്തു. ഡോ. എം.സി. വസിഷ്ട്, ബാലഗോപാൽ ചാണയിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രസിഡന്റ് പ്രേമൻ പുതിയാപ്പിൽ അധ്യക്ഷത വഹിച്ചു.
പുരാതന ഭാരതത്തിലെ ഗുപ്ത, മുഗൾ, മൗര്യ, സുൽത്താൻ ഭരണകാലങ്ങളിൽ ഉപയോഗിച്ചിരുന്നതും വിവിധ കാലഘട്ടങ്ങളിൽ ഇന്ത്യയിൽ ഭരിച്ചിരുന്നതുമായ നാട്ടുരാജ്യങ്ങളിലെ നാണയങ്ങൾ, കോഴിക്കോട് സാമൂതിരി, ടിപ്പു സുൽത്താൻ, അറക്കൽ രാജവംശങ്ങളുടെ അപൂർവ നാണയങ്ങൾ, പോർച്ചുഗീസ്, ബ്രിട്ടീഷ്, ഫ്രഞ്ച്, ഡച്ച് തുടങ്ങിയവർ ഇന്ത്യയിൽ അധിനിവേശം നടത്തിയപ്പോൾ അടിച്ചിറക്കിയ നാണയങ്ങൾ, വിദേശരാജ്യങ്ങളുടെ നാണയങ്ങൾ, ഫാൻസി നമ്പർ കറൻസികൾ തുടങ്ങിയവ പ്രദർശനത്തിൽ കാണാവുന്നതാണ്. പ്രദർശനം ഇന്ന് വൈകുന്നേരം ആറിന് സമാപിക്കും.