കൊലവിളി പ്രസംഗം: സിപിഎം തിക്കോടി ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍
1490757
Sunday, December 29, 2024 5:36 AM IST
പയ്യോളി: പ്രതിഷേധയോഗത്തില്‍ കൊലവിളി പ്രസംഗം നടത്തിയതിന് സിപിഎം തിക്കോടി ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍. ലോക്കല്‍ സെക്രട്ടറി ബിജു കളത്തിലിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. ബിജുവിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
സിപിഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി തിക്കോടി കുറ്റിവയലില്‍ സ്ഥാപിച്ച 24 പതാകകള്‍ നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തില്‍ ആയിരുന്നു ബിജു കളത്തിലിന്റെ കൊലവിളി പ്രസംഗം.പതാക നശിപ്പിച്ച സംഭവത്തില്‍ പ്രദേശവാസികളായ മൂന്നുപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവരില്‍ ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. ഇവര്‍ സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പറയുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്.
പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മുസ്ലിംലീഗ് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. "പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആരെയും വെറുതെ വിടില്ലെന്നും അരിയില്‍ ശുക്കൂര്‍ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത്' എന്നുമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. ഇതിനെതിരെ തിക്കോടി മുസ്ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി നല്കിയ പരാതിയിലാണ് ലോക്കല്‍ സെക്രട്ടറി ബിജുവിനെതിരെ പോലീസ് കേസെടുത്തത്.
തിക്കോടി 13-ാം വാര്‍ഡ് പുതിയവളപ്പ് മുസ്ലിംലീഗ് ഓഫീസിന് സമീപം വെച്ച് സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും മുസ്ലിംലീഗ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതായിരുന്നു പരാതി.