സമരയാത്രകൾ വിവരിച്ച് സുഖ്ദേവ് സിംഗ് കോക്രി
1490756
Sunday, December 29, 2024 5:36 AM IST
മാനന്തവാടി: വയനാട് ലിറ്റററി ഫൗണ്ടേഷൻ ദ്വരകയിൽ സംഘടിപ്പിച്ച രണ്ടാമത് വയനാട് സാഹിത്യോത്സവത്തിൽ സമരയാത്രകൾ വിവരിച്ച് ദേശീയ കർഷക പ്രക്ഷോഭ നേതാവും ഭാരതീയ കിസാൻ യൂണിയൻ ജനറൽ സെക്രട്ടറിയുമായ സുഖ്ദേവ് സിംഗ് കോക്രി. ‘നെഞ്ച് പിളർന്ന് ഞാൻ വിപ്ലവം കാട്ടാം’ എന്ന സെഷനിലാണ് അദ്ദേഹം സമരയാത്രകൾ വിശദീകരിച്ചത്.
കർഷക പ്രസ്ഥാനത്തിന്റെ യാത്ര, പ്രവർത്തന രീതി, നേരിടേണ്ടിവന്ന വെല്ലുവിളികൾ എന്നിവ കോക്രി സദസുമായി പങ്കുവച്ചു. ഭാരതീയ കിസാൻ യൂണിയന്റെ സമരങ്ങൾ കോർപറേറ്റുകൾക്ക് എതിരേയാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര അധ്യാപകനായിരുന്ന താൻ ദരിദ്ര കർഷകന്റെ മകനാണ്. വ്യക്തിപരമായ അനുഭവങ്ങളും 1998ലെ ഒരു ദുരന്തവുമാണ് ജോലി ഉപേക്ഷിച്ച് കർഷക പ്രസ്ഥാനത്തിൽ ചേരാൻ പ്രേരണയായത്. പ്രസ്ഥാനത്തിന്റെ വിജയം അതിന്റെ ജനാധിപത്യ ഘടനയെ ആശ്രയിച്ചാണിരിക്കുന്നത്. പ്രസ്ഥാനത്തിന്റെ നിയമങ്ങളും നിബന്ധനകളും ഇന്ത്യൻ ഭരണഘടന അടിസ്ഥാനമാക്കിയുള്ളതാണ്. ബോധവത്കരണ കാന്പയിനുകളാണ് പ്രസ്ഥാനത്തിനു വൻ ജനപിന്തുണ ലഭിക്കാൻ സഹായകമായത്.
കർഷക സമരം ഡൽഹിയിലേക്ക് കടക്കുന്നതിന് ആറു മാസം മുന്പ് തയാറെടുപ്പുകൾ പഞ്ചാബിലെ ഗ്രാമങ്ങളിൽ ആരംഭിച്ചിരുന്നു. കർഷകരുമായി അടുത്ത് ഇടപഴകി പൂർണ പിന്തുണ ആർജിച്ചു. നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി ഓരോ കർഷകനും ബോധ്യമുണ്ടായിരുന്നു. എല്ലാമറിഞ്ഞിട്ടും അവർ നൽകിയ പിന്തുണയാണ് ഒരു വർഷമെടുത്ത് നേടിയ വിജയം.
ദേശീയ മാധ്യമങ്ങളിൽ ചിലതും സർക്കാരും സമരത്തിന് എതിരേ നടത്തിയ കുപ്രചരണം പ്രതീക്ഷിച്ചതാണ്. സ്വതന്ത്ര മാധ്യമപ്രവർത്തകരിൽനിന്ന് വലിയ പിന്തുണ ലഭിച്ചു. സാമൂഹികമായ ഉയർച്ചതാഴ്ചകൾക്കും ജാതിബോധങ്ങൾക്കും അതീതമായി കർഷകരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഹിന്ദുക്കളായ കച്ചവടക്കാരും സിഖുകാരായ കർഷകരും ഒരുമിച്ചുനിന്നു. കർഷകരുടെ പ്രശ്നങ്ങൾ കോർപറേറ്റ് പിന്തുണയുള്ള പാർട്ടികളല്ല, കർഷക സംഘടനകളാണ് പരിഹരിക്കുന്നത്. ഏതെങ്കിലും പാർട്ടിയെ പിന്തുണയ്ക്കുകയോ തോൽപ്പിക്കുകയോ അല്ല പ്രസ്ഥാനത്തിന്റെ ലക്ഷ്യമെന്നും സുഖ്ദേവ് സിംഗ് കോക്രി പറഞ്ഞു. അദ്ദേഹത്തെ എഴുത്തുകാരി കെ.ആർ. മീര ഉപഹാരം നൽകി ആദരിച്ചു.