കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം
1490755
Sunday, December 29, 2024 5:36 AM IST
കോഴിക്കോട്: നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയിൽ തുടര്‍ന്നുവരുന്ന പാരമ്പര്യമനുസരിച്ച് 2025 ജൂബിലി വർഷമായി ആചരിക്കാനുള്ള പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനപ്രകാരം കോഴിക്കോട് രൂപതയിലെ ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ദേവമാതാ കത്തീഡ്രലിൽ വൈകുന്നേരം നാലിന് കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷപൂർവമായ ദിവ്യബലി അർപ്പിക്കും.
ക്രിസ്മസിനെ പ്രതിനിധാനം ചെയ്യുന്ന ഭദ്രാസന ദേവാലയത്തിന്റെ വാതിലിലൂടെ രൂപതാംഗങ്ങൾ ഒരുമിച്ച് ജൂബിലി കുരിശ് വഹിച്ച് പ്രദക്ഷിണമായി അകത്തു പ്രവേശിച്ച ശേഷമാകും ദിവ്യബലി. ഈ ദിവ്യബലിയിൽ ആശീർവദിക്കുന്ന ജൂബിലി കുരിശ് എല്ലാ ഇടവകയിലേക്കും കൊണ്ടുവരുന്നതായിരിക്കുമെന്നും ബിഷപ് അറിയിച്ചു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 25 വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ ഡിസംബർ 24ന് തുറന്നതോടെയാണ് ലോകമെങ്ങും ജൂബിലി വർഷത്തിന് തുടക്കമായത്. ഈ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് എല്ലാ രൂപതകളും പ്രത്യേകമായി ആഘോഷം സംഘടിപ്പിക്കുന്നത്.രൂപതാതല ഉദ്ഘാടനത്തിനുശേഷം ജനുവരി അഞ്ചിന് ഇടവകാതല ജൂബിലി ആഘോഷങ്ങൾ നടത്താനും നിർദേശമുണ്ട്.
ജനറൽ കൺവീനർ മോൺ ജെൻസൺ പുത്തൻവീട്ടിൽ, റവ ഡോ.ജെറോം ചിങ്ങംതറ, ഫാ. സജീവ് വർഗീസ്, ബിനു എഡ്വേർഡ്, ജോയ് എന്നിവരുടെ നേതൃത്വത്തിൽ വൈദികരും സന്യസ്തരും അല്മായരും ഒരുമിച്ച് ചേർന്ന് ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.