തുരങ്കപാത നിർമാണം ഉടൻ ആരംഭിക്കും; നടക്കാനുള്ളത് അവസാനവട്ട ഹിയറിംഗ്
1490754
Sunday, December 29, 2024 5:36 AM IST
സ്വന്തം ലേഖകന്
മുക്കം: കോഴിക്കോട്- വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനുതകുന്ന ആനക്കാംപൊയിൽ- കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. പദ്ധതിക്കാവശ്യമായ പാരിസ്ഥിതികാനുമതിക്കായുള്ള അവസാനവട്ട ഹിയറിംഗ് ജനുവരിയിൽ നടക്കുമെന്നാണ് സൂചന.
സ്റ്റേറ്റ് എൻവയർമെന്റ് ഇംപാക്റ്റ് അസസ്മെന്റ് കമ്മിറ്റിയുടെ അനുമതി ഈ മീറ്റിംഗിൽ ലഭിച്ചു കഴിഞ്ഞാൽ മറ്റ് തടസങ്ങളൊന്നുമില്ലാതെ പ്രവൃത്തി ആരംഭിക്കാനാവും. ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ, ഐഎഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ തുടങ്ങിയവർ അടങ്ങുന്നതാണ് ഈ കമ്മിറ്റി.വർഷത്തിൽ രണ്ടോ, മൂന്നോതവണ യോഗം ചേരുന്ന ഈ കമ്മിറ്റി കഴിഞ്ഞ തവണ യോഗം ചേർന്ന ശേഷം കമ്മിറ്റി അംഗങ്ങൾ പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തിരുന്നു. ഈ കമ്മിറ്റി കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ നൽകുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
അതിനിടെ വയനാട്ടിലുൾപ്പെടെ ഉണ്ടായ ഉരുൾപൊട്ടൽ പദ്ധതിക്ക് അനുമതി ലഭിക്കുന്ന കാര്യത്തിൽ ആശങ്ക ഉയർത്തുന്നുണ്ട്. തുരങ്ക പാത നിർമ്മാണം ഈ വർഷം ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് കഴിഞ്ഞ ജൂണില് നിയമസഭയിൽ അറിയിച്ചിരുന്നു. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപാതയുടെ നിർമാണം പൂർത്തീകരിക്കുക. കോഴിക്കോട്, വയനാട് ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പും പൂർണമായി പൂർത്തിയായിട്ടുണ്ട്.
8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ പാതയാണ്. പത്തുമീറ്റർ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റർ ഇടവിട്ട് ക്രോസ്വേകളുണ്ടാവും. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാൽ ഗതാഗതം നിലയ്ക്കാതിരിക്കാനാണിത്.
തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് പാത. മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക. 1643.33 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ഇരട്ട തുരങ്കപാത. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 93.12 കോടി ചെലവിൽ ആർച്ച് പാലവും നാലുവരി സമീപനറോഡും പദ്ധതിയിൽ ഉൾപ്പെടുന്നു. രണ്ട് ഘട്ടമായാണ് ടെൻഡർ ക്ഷണിച്ചിരുന്നത്.
പാതയ്ക്ക് 2138 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. നാലുവർഷത്തിനകം തുരങ്കപാത പദ്ധതിക്ക് ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17 ഹെക്ടറിൽ വനം ഒരുക്കണമെന്ന നിബന്ധനയോടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തുരങ്കപാതയ്ക്ക് പ്രാഥമിക അനുമതി നൽകിയത്.
34.31 ഹെക്ടർ വനഭൂമിയാണ് ഏറ്റെടുക്കുക. വനഭൂമിയിൽ നിർമാണ പ്രവൃത്തികൾ പരമാവധി ഒഴിവാക്കും. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം നൽകാനുള്ള ഭൂമി വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊല്ലിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിലായാണ് 17.263 ഹെക്ടർ ഭൂമിയിൽ മരം നടുക. ഇത് റിസർവ് വനമായി വിജ്ഞാപനം ചെയ്യും.