സാമൂഹ്യവിരുദ്ധര്‍ക്ക് ഒളിത്താവളങ്ങള്‍ ഇഷ്ടംപോലെ ; ബീച്ചില്‍ പരിശോധന കര്‍ശനമാക്കും
1490626
Saturday, December 28, 2024 7:44 AM IST
കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സാമൂഹ്യവിരുദ്ധശല്യത്തിന് പൂട്ടിടാന്‍ പോലീസും എക്സൈസും. പുതുവത്സരാഘോഷവേളയിലും തുടര്‍ ദിവസങ്ങളിലും ശക്തമായ നടപടിക്കൊരുങ്ങുകയാണ് അധികൃതര്‍. മാസങ്ങളായി ഈ ഭാഗത്തെ ഒഴിഞ്ഞ സ്ഥലങ്ങളും കടമുറികളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന തകൃതിയാണ്.
ഒഴിഞ്ഞ സിറിഞ്ചുകളും കുപ്പികളും ഇവിടെ കാണപ്പെടാറുമുണ്ട്. അവധിക്കാലത്ത് കുട്ടികളെയുംകൊണ്ട് ബീച്ചില്‍ എത്തുന്നവര്‍ക്കുള്‍പ്പെടെ ഇത് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ബീച്ച് കേന്ദ്രീകരിച്ച് മയക്കുമരുന്ന്, ആക്രമി സംഘത്തിന്റെ വിളയാട്ടം രൂക്ഷമാകുന്നതായി കോർപറേഷൻ കൗൺസിലിൽ അടക്കം നിരവധി തവണ ചർച്ചയായിട്ടും ഇത് തടയാൻ ഫലപ്രദമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പോലീസിന്റെ രാത്രികാല പരിശോധന ശക്തമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മേയർ ബീന ഫിലിപ്പ് അറിയിച്ചിരുന്നു. ബീച്ചിൽ ലയൺസ് പാർക്കിന് സമീപം വ്യാപാരികളെ ഒഴിപ്പിച്ച് കാടുമൂടി കിടക്കുന്ന കോർപറേഷൻ കെട്ടിടം, കസ്റ്റംസ് റോഡിലെ കണ്ടിൻജൻസി ജീവനക്കാരുടെ എട്ടുമുറി ലൈൻ വീട്, അടഞ്ഞുകിടക്കുന്ന മൊയ്തു മൗലവി മ്യൂസിയത്തിന് സമീപം, ബീച്ച് ആശുപത്രിയിലെ ഒഎസ്ജി ക്ലിനിക്, മറ്റ് ഒഴിഞ്ഞ കെട്ടിടങ്ങൾ എന്നിവിടങ്ങളെല്ലാം മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രങ്ങളാണ്. മാഫിയയുടെ വഴക്കും ബഹളവും പലപ്പോഴും സഞ്ചാരികൾക്കും സമീപ പ്രദേശങ്ങളിലുള്ളവർക്കും വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ബീച്ചിൽനിന്ന് അടികൂടുന്ന സംഘം കുറ്റിച്ചിറ, മുഖദാർ, ഇടിയങ്ങര തുടങ്ങിയ ഭാഗങ്ങളിലേക്കും സംഘർഷവുമായി എത്തുന്നത് പതിവാണ്. അയൽ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ വരെ മയക്കുമരുന്ന് സംഘത്തിന്റെ പിടിയിലകപ്പെട്ട് ഇവിടങ്ങളിൽ എത്താറുണ്ടെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഇരുട്ടിന്റെ മറവിൽ ബീച്ചിൽ പലയിടങ്ങളിലും തെരുവുവിളക്കുകൾ കത്താത്തത് മയക്കുമരുന്ന് മാഫിയക്ക് വളമാകുന്നുണ്ട്.
തെരുവുവിളക്കുകൾ സ്ഥാപിക്കാൻ വിവിധ ഏജൻസികൾ കരാർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇവ പ്രകാശിക്കുന്നില്ല. ലയൺസ് പാർക്കിന് സമീപം, കസ്റ്റംസ് റോഡ്, മൊയ്തു മൗലവി മ്യൂസിയത്തിന് സമീപം തുടങ്ങി ബീച്ചിൽ പല ഭാഗങ്ങളിലും ലൈറ്റുകൾ കണ്ണടച്ചിരിക്കുകയാണ്.
സ്വന്തം ലേഖകന്‍