കലയുടെയും കലാകാരന്റെയും ശക്തി അനിർവചനീയം: ഷാഫി പറമ്പിൽ എംപി
1490625
Saturday, December 28, 2024 7:44 AM IST
പേരാമ്പ്ര: ലോകത്തെ തന്നെ മാറ്റി ചിന്തിപ്പിക്കുവാൻ ഒരു കലാകാരന്റെ ഇരുപത് സെക്കന്റ് ദൈർഘ്യമുള്ള ഒരു റീൽസ് കൊണ്ടും കഴിഞ്ഞേക്കുമെന്നതിനാൽ കലയുടെയും കലാകാരന്റെയും ശക്തി അനിർവചനീയമാണെന്ന് ഷാഫി പറമ്പിൽ എംപി. വാളൂർ പ്രിയദർശിനി ഗ്ലോബൽ കോൺഗ്രസ് കൂട്ടായ്മയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് പഴയകാല നാടക കലാകാരൻമാരെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാമൂഹ്യ ബോധമുള്ള കൂട്ടായ്മകൾ നാടിന് മുതൽക്കൂട്ടാകും. രാജ്യത്ത് കണ്ടുവരുന്ന ഒട്ടും ആശ്വാസകരമല്ലാത്ത വർഗീയ ധ്രുവീകരണത്തെ ഒരു പരിധിവരെ പ്രതിരോധിക്കാൻ കലയ്ക്ക് കഴിയുന്നുവെന്നത് കൊണ്ടുതന്നെ കലാകാരൻമാരുടെ സ്ഥാനം സമൂഹത്തിന്റെ മുൻനിരയിൽ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുഞ്ഞബ്ദുള്ള വാളൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശോഭന വൈശാഖ്, മെമ്പർമാരായ കെ. മധു കൃഷ്ണൻ, ടി.വി. ഷിനി, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, മുനീർ എരവത്ത്, വി.പി. ദുൽഖിഫിൽ, വി.വി. ദിനേശൻ, ടി.പി. നാസർ, വത്സൻ എടക്കോടൻ എന്നിവർ പ്രസംഗിച്ചു.