"നൂറ' രോഗ പരിശോധനാ കേന്ദ്രം കോഴിക്കോട്ട് ആരംഭിച്ചു
1490619
Saturday, December 28, 2024 7:44 AM IST
കോഴിക്കോട്: നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അത്യന്താധുനിക ആരോഗ്യ പരിശോധനാ കേന്ദ്രമായ "നൂറ' കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
രോഗികളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ ചെലവു കുറഞ്ഞ അത്യന്താധുനിക രോഗ പരിശോധനാ സംവിധാനങ്ങള്‍ വേണ്ടത്രയില്ലാത്ത കേരളത്തില്‍ നൂറയുടെ വരവ് സ്വാഗതാര്‍ഹമാണെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സെന്ററുകള്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു. ഫ്യൂജിഫിലിം ഹെല്‍ത്ത് കെയറും ഡോ. കുട്ടീസ് ഹെല്‍ത്ത് കെയറും കൈകോര്‍ക്കുന്ന സംരംഭമാണ് നൂറ. ഫ്യൂജി ഫിലിം പ്രസിഡന്റ് തെയ്ചി ഗോട്ടോ, അയിഷ കുട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
രോഗം നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന നൂറയുടെ സമഗ്ര പരിശോധനാ പദ്ധതിയില്‍ നിര്‍ണായകമാണ് കോഴിക്കോട്ടെ സെന്റര്‍. ഇവിടെ രോഗ നിര്‍ണയത്തിനു പുറമെ ആഗോള തലത്തിലുള്ള പരിശീലനവും നല്‍കുന്നുണ്ട്. കേന്ദ്രത്തില്‍ അത്യന്താധുനിക സംവിധാനങ്ങളുടെ സഹായത്തോടെ പ്രതിദിനം 50 പേര്‍ക്ക് വേഗത്തില്‍ കൃത്യതയാര്‍ന്ന രോഗ പരിശോധന നടത്താന്‍ കഴിയും. പന്തീരാങ്കാവ് അറപ്പുഴ റോഡിലാണ് നൂറ പ്രവര്‍ത്തനമാരംഭിച്ചത്.