കട തകർത്തതായി പരാതി
1490617
Saturday, December 28, 2024 7:44 AM IST
മുക്കം: കച്ചേരിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ കട തകർത്തതായി പരാതി. ആറ്റുപുറം സ്വദേശി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള രണ്ടു ഉന്തുവണ്ടി കടയാണ് കഴിഞ്ഞ ദിവസം രാത്രി റോഡരികിൽ നിന്ന് വയലിലേക്ക് മറിച്ചിട്ടു തകർത്തത്.
റോഡരികിൽ കെട്ടിയുയർത്തിയ ഷെഡിലായിരുന്നു കട. വ്യാഴാഴ്ച വൈകുന്നേരം കടയടച്ചു പോയതായിരുന്നു മുഹമ്മദ്. വെള്ളിയാഴ്ച രാവിലെ പ്രദേശത്തുള്ള ചില സുഹൃത്തുക്കൾ വിളിച്ചു പറയുമ്പോഴാണ് കട തകർന്ന വിവരം മുഹമ്മദ് അറിയുന്നത്.
ഉയരമുള്ള റോഡിൽ നിന്നും കട താഴോട്ടു തള്ളിയിട്ടതോടെ കടയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം നശിച്ച നിലയിലാണ്. ഏകദേശം അമ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി മുഹമ്മദ് പറഞ്ഞു.
മുന്പ് മുക്കം ടൗണിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഹൃദയ സംബന്ധമായ അസുഖം വന്നു ബൈപാസ് ഓപറേഷന് വിധേയനായതോടെയാണ് ഭാരപ്പെട്ട ജോലികൾ ചെയ്യാൻ കഴിയാതെ കുടുംബം നോക്കാൻ വേണ്ടി കച്ചേരിയിലെ റോഡരികിൽ ഒരു വർഷം മുന്പ് കടയാരംഭിച്ചത്. കട നശിച്ചതോടെ ഏക വരുമാനമാർഗവും നിലച്ചിരിക്കുകയാണ്. മുഹമ്മദിന്റെ പരാതിയിൽ മുക്കം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.