ദേശീയപാത നിര്‍മാണം: കോരപ്പുഴപാലം ഭാഗത്ത് ഇറക്കിയ മണ്ണ് ഉടൻ നീക്കം ചെയ്യുമെന്ന്
1490616
Saturday, December 28, 2024 7:44 AM IST
കോഴിക്കോട്: കോരപ്പുഴ പാലംഭാഗത്ത് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ നിക്ഷേപിച്ച മണ്ണ് ഉടന്‍ നീക്കം ചെയ്യുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. ഒരു മാസത്തിനകം മണ്ണ് പൂർണമായി നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. കോരപ്പുഴ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. കാനത്തില്‍ ജമീല എംഎല്‍എ, ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ദേശീയപാത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പാലം പില്ലര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് നിറയ്ക്കുന്നത് മത്സ്യബന്ധനത്തെ ബാധിക്കുമെന്ന ആശങ്ക പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചിരുന്നു. പില്ലർ നിർമാണത്തിനായി നേരത്തെ നിക്ഷേപിച്ച മണ്ണ് പൂര്‍ണമായും നീക്കം ചെയ്തിട്ടില്ല എന്ന പരാതിയും അവര്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി സ്ഥലം എംഎല്‍എയുടെ സാന്നിധ്യത്തില്‍ അടുത്ത ദിവസം യോഗം ചേരും. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.