കേരള പോലീസിന്റെ ചിരിയിലും നിറഞ്ഞ് സൂപ്പർ ലീഗ് കേരള
1478953
Thursday, November 14, 2024 5:32 AM IST
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട്ടു നടന്ന സൂപ്പര്‍ ലീഗ് ഫൈനല്‍വേദിയില്‍ എയറിലായ നടനും സംവിധായകനുമായ ബേസില്‍ ജോസഫിനെ വീണ്ടും എയറിലാക്കി കേരള പോലീസ്. കുട്ടികളിലെ മാനസികസമ്മര്‍ദം ലഘൂകരിക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ പോസ്റ്ററിലാണ് ബേസില്‍ ഇടം നേടിയത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഉദ്ഘാടന പതിപ്പിന്റെ ഫൈനല്‍ വേദിയില്‍ നടന്ന സംഭവമാണ് ബേസിലിനെ എയറിലാക്കിയത്. കാലിക്കട്ട് എഫ്സി-ഫോഴ്സ കൊച്ചി മത്സരം കാണുന്നതിന് ഫോഴ്സ കൊച്ചിയുടെ ഉടമസ്ഥനായ നടനും സംവിധായകനുമായ പൃഥ്വിരാജും കാലിക്കട്ട് എഫ്സിയുടെ ഉടമസ്ഥനായ ബേസില്‍ ജോസഫും എത്തിയിരുന്നു. സമ്മാനദാന ചടങ്ങിനിടെ ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് ആ താരം മടങ്ങിയിരുന്നു.
ഇതിന്റെ വീഡിയോ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ബേസിലിനെ ട്രോളി സുഹൃത്തുക്കളായ നടന് ടൊവിനോ തോമസും ക്രിക്കറ്റ് താരം സഞ്ജു സാംസണും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള പോലീസും സംഭവം ഏറ്റെടുത്തത്. പോസ്റ്ററില്‍ പൃഥ്വിരാജിനെ ചിരി ഹെല്പ് ലൈനായും ബേസിലിനെ മാനസിക സമ്മര്‍ദവുമായാണ് പോലീസ് അവതരിപ്പിച്ചിരിക്കുന്നത്. ബേസിലിന് കൈകൊടുക്കാതെ മടങ്ങിയ കളിക്കാരനെയാകട്ടെ കുട്ടികള്‍ എന്ന നിലയിലും അവതരിപ്പിച്ചു.