അസറ്റ് പുരസ്കാര സമർപ്പണം നാളെ പേരാമ്പ്രയിൽ
1465231
Thursday, October 31, 2024 12:59 AM IST
പേരാമ്പ്ര: അസറ്റ് പേരാമ്പ്ര (ആക്ഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി ആൻഡ് എംപവർമെന്റ് ട്രസ്റ്റ്) സംഘടിപ്പിക്കുന്ന എഡ്യൂക്കേഷണൽ കോൺക്ലേവിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ രാവിലെ ഒമ്പതിന് പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളിൽ ഡോ. ശശിതരൂർ എംപി നിർവഹിക്കുമെന്ന് അസറ്റ് ചെയർമാൻ സി.എച്ച്. ഇബ്രാഹിംകുട്ടി, ഭാരവാഹികളായ നസീർ നൊച്ചാട്, യു.സി. ഹനീഫ, ചിത്രരാജൻ, സൗദ റഷീഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡോ. എം.കെ. മുനീർ എംഎൽഎ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും. പേരാമ്പ്ര മണ്ഡലത്തിലെ പ്രീ പ്രൈമറി മുതൽ കോളജ് തലം വരെയുള്ള വിഭാഗങ്ങളിലെ മികച്ച അധ്യാപകർക്കും മികച്ച വിദ്യാഭ്യാസ ഭിന്നശേഷി പ്രവർത്തകർക്കുമാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത്. ഏറ്റവും മികച്ച പിടിഎക്കും സെക്കൻഡറി, പ്രൈമറി വിഭാഗങ്ങളിൽ പുരസ്കാരം നൽകും.
പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയുമാണ് പുരസ്കാരം. മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ, ദേശീയ അധ്യാപക അവാർഡ് ജേതാവ് ബാലചന്ദ്രൻ, മലപ്പുറം വിജയാഭേരി കോ ഓർഡിനേറ്റർ ടി. സലിം, ബിന്നി സാഹിത് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. പേരാമ്പ്രയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായിട്ടാണ് അസറ്റ് ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.