റബര്‍ വില തകരുമ്പോള്‍ കുരുവിന്റെ വില സര്‍വകാല റിക്കാര്‍ഡില്‍
1465225
Thursday, October 31, 2024 12:59 AM IST
മാണി താഴത്തേല്‍
കരുവാരകുണ്ട്: റബര്‍ വില ഇടിയുന്നതിനിടെ റബര്‍ കുരുവിന്റെ വില സര്‍വകാല റിക്കാഡില്‍. ഒരു കിലോ കുരുവിന്റെ വില 100 രൂപയില്‍ കൂടിയ വില നല്‍കിയിട്ടും ആവശ്യത്തിന് കുരു കിട്ടാനില്ലാത്ത അവസ്ഥ. കാലാവസ്ഥയില്‍ വന്ന മാറ്റമാണ് ഈ വര്‍ഷം റബര്‍ കുരു ഉത്പാദനം കുറഞ്ഞത്. ഉത്്പാദനം കുറഞ്ഞതും ആവശ്യം കൂടിയതുമാണ് കുരുവിന്റെ വില കൂടാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇപ്രാവശ്യം നാലിലൊന്നു പോലും ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. കിഴക്കന്‍ മലയോര മേഖലയിലാണ് എല്ലാ വര്‍ഷവും ലക്ഷങ്ങളുടെ കുരു വ്യവസായം നടക്കുന്നത്.
കാലം തെറ്റിയതും കനത്ത മഴയുമാണ് ഇക്കുറി കുരു ഉത്്പാദനത്തെ ബാധിച്ചത്. സീസണ് കാലമാകുമ്പോഴേക്ക് കുരു മൂക്കുകയും ഉണങ്ങുകയും ചെയ്യും. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ പൊട്ടുകയാണ് ചെയ്യുക. എന്നാല്‍ ഈ വര്‍ഷം മരത്തില്‍ തന്നെ ആവശ്യത്തിന് കുരു കായ്ച്ചിട്ടില്ല. അതാണ് ഇക്കൊല്ലം വില കൂടാന്‍ കാരണം. വര്‍ഷത്തില്‍ ഏറിയാല്‍ ഒരു മാസമാണ് റബര്‍ കുരു ശേഖരണവും വിപണനവും നടക്കുന്നത്. സാധാരണ വര്‍ഷങ്ങളില്‍ ഓഗസ്റ്റ് അവസാനത്തില്തുടങ്ങി സെപ്റ്റംബര്‍ അവസാനം വരെയാണ് റബര്‍ മരങ്ങളുടെ വളര്‍ച്ചയുടെ ഘട്ടം. ഇക്കാലത്താണ് മരങ്ങളില്‍നിന്ന് നല്ല ശബ്ദത്തോടെ കുരു പൊട്ടിത്തെറിക്കുന്നത്. ഇങ്ങനെ തെറിക്കുന്ന കുരു ശേഖരിക്കാന്‍ കുട്ടികളും വയോധികരുമടക്കം തോട്ടങ്ങളില്‍ കയറും.
കഴിഞ്ഞ വര്‍ഷം കൂടിയ വില ഒരു കിലോക്ക് അമ്പത് രൂപ വരെയാണ് ലഭിച്ചത്. സീസണില്‍ കുറഞ്ഞത് അഞ്ഞൂറ് രൂപ മുതല്‍ ആയിരം രൂപ വരെ ഓരോരുത്തര്‍ക്കും കുരു പെറുക്കി വരുമാനം ലഭിക്കും. സീസണ് കാലത്ത് പ്രദേശത്ത് കുരു ശേഖരണത്തിന് വ്യാപാരികള്‍ മുന്നിട്ടിറങ്ങും. ഇങ്ങനെ ശേഖരിക്കുന്ന കുരു വടക്ക്,കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റിഅയക്കുകയാണ് ചെയ്യുന്നത്. അവിടങ്ങളില്‍ റബര്‍ കൃഷി വ്യാപിപ്പിക്കുന്നതിന് നഴ്സറിയുണ്ടാക്കുന്നതിനാണ് ഈ കുരു പ്രധാനമായും ഉപയോഗിക്കുന്നത്. നേരത്തെ കോട്ടയം ജില്ലയില്‍ നിന്ന് തൈകള്‍ ഇവിടങ്ങളിലേക്ക് കയറ്റി പോവുകയായിരുന്നു.
എന്നാലിപ്പോള്‍ കൂരു നേരിട്ടെത്തിക്കാന്‍ തുടങ്ങിയതോടെയാണ് കുരുവിന് ഡിമാൻഡ് കൂടിയത്. മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ റബര്‍ എസ്റ്റേറ്റായ കേരള എസ്റ്റേറ്റിലെ കുരുവിന് ആവശ്യക്കാരേറെയാണ്. ഈ വര്‍ഷം മാത്രം അമ്പത് ടണ്‍ കുരുവിന്റെ ബുക്കിംഗ് ഉണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍ പത്തു ടണ്‍ പോലും ഈ വര്‍ഷം ലഭിക്കില്ല.