ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം; ജിയോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി
1465223
Thursday, October 31, 2024 12:59 AM IST
എടക്കര (മലപ്പുറം): ഭൂമിക്കടിയില്‍നിന്ന് തുടര്‍ച്ചയായി സ്ഫോടന ശബ്ദം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉപ്പട ആനക്കല്ലില്‍ ജിയോളജി, ദേശീയ ദുരന്ത നിവാരണ അഥോറിറ്റി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ജില്ലാ ജിയോളജിസ്റ്റ് റീനാ നാരായണന്, ദുരന്ത നിവാരണ വിഭാഗം ഹസാഡ് അനലിസ്റ്റ് ടി.എസ്. ആദിത്യ, അസിസ്റ്റന്റ് ജിയോളജിസ്റ്റ് ഹജീഷ് തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. ഭൂമിക്കടിയില്‍നിന്ന് നിരന്തരം ശബ്ദം ഉണ്ടാകുന്നതില്‍ ആശങ്ക വേണ്ടെന്ന് സംഘം അറിയിച്ചു.
ഭൂമിക്കടിയില്‍നിന്ന് ഉഗ്ര ശബ്ദമുണ്ടായ ഭാഗത്തെ വിള്ളലുണ്ടായ വീടുകള്‍, കുഴല്‍ കിണറുകള്‍, കിണറുകള്‍ എന്നിവ സംഘം പരിശോധിച്ചു. ഭൂജല വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെയും
പത്തിലധികം തവണ ചെറിയ മുഴക്കങ്ങള്‍ ഈ ഭാഗത്ത് ഉണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വന്‍ ശബ്ദത്തോടെ ആദ്യം മുഴക്കമുണ്ടായത്. ഇതിന് ശേഷം പത്തേമുക്കാലോടെ വീണ്ടും അതിശക്തമായ സ്ഫോടന ശബ്ദം ഉണ്ടാവുകയും വീടുകള്‍ പ്രകമ്പനം കൊള്ളുകയും ചെയ്തു. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കെട്ടിടങ്ങള്‍ക്ക് വരെ പ്രകമ്പനമുണ്ടായി.
ചില വീടുകള്‍ക്കുള്ളില്‍ നേരിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ കുഴല്‍ കിണറുകളിലെ വെള്ളം കലങ്ങിയതായും സംഘം കണ്ടെത്തി. കുഴല്‍ കിണറുകള്‍ കൂടുതലായി നിര്‍മിച്ച പ്രദേശമാണ് ആനക്കല്ല്. ഇക്കാരണത്താല്‍ വിള്ളല്‍ വീണ ഭൂമിക്കടിയിലെ പാറകള്‍ തമ്മില്‍ കൂട്ടിയിടിക്കുന്ന ശബ്ദമാണ് സ്ഫോടന ശബ്ദമായി പുറത്ത് വരുന്നതെന്നാണ് ജിയോളജി വിഭാഗത്തിന്റെ നിഗമനം. കൂടുതല്‍ പഠനങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുമ്പ് മൂന്ന് തവണ ഈ മേഖലയില്‍ ഭൂമിക്കടിയില്‍ നിന്ന് വന്‍ ശബ്ദമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 18, 19 തിയതികളില്‍ ഭൂമിക്കടിയില്‍ നിന്ന് ശബ്ദമുണ്ടായത് സംബന്ധിച്ച് ജിയോളജി വിഭാഗം പരിശോധന നടത്തിയിരുന്നു. എന്നാല്‍ തുടരെ
തുടരെ ഭൂമിക്കടിയില്‍ നിന്ന് വന്‍ സ്ഫോടന ശബ്ദമുണ്ടാകുന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.