മുക്കത്ത് സിപിഎം ബിജെപി പരസ്യമായ സഖ്യം: യുഡിഎഫ്
1450758
Thursday, September 5, 2024 4:39 AM IST
കോഴിക്കോട്: നാളിതുവരെ അന്തര്ധാരവഴി തെരെഞ്ഞെടുപ്പുകളില്‍ സഹകരിച്ചിരുന്ന സിപിഎമ്മും, ബി ജെപിയും പരസ്യമായ രാഷ്ട്രീയ സഖ്യം തുടങ്ങിക്കഴിഞ്ഞു വെന്നാണ് മുക്കം മുനിസിപ്പാലിറ്റിയില്‍ നടന്ന അവിശ്വാസ പ്രമേയവുമായി ബന്ധപെട്ട കാര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് യുഡിഎഫ്.
മുക്കത്ത് അനധികൃതമായ ബീവറേജിന് ലൈസന്‍സ് കൊടുത്ത മുന്‍സിപ്പല്‍ ചെയര്‍മാന്റെ നടപടിക്കെതിരേ കൗണ്‍സിലിന് അകത്തും പുറത്തും യുഡിഎഫിനോടൊപ്പം ശക്തമായ നിലപാട് സ്വീകരിച്ച ബിജെപി ഈ വിഷയത്തില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് നേരെ സ്വീകരിച്ച സമീപനം വഞ്ചനാപരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് ജില്ലാ ചെയര്മാന് കെ. ബാലാനാരായണനും കണ്‍വീനര്‍ അഹമ്മദ് പുന്നക്കലും പ്രസ്താവനയില്‍ പറഞ്ഞു.
അവിശ്വാസ പ്രമേയം പാസാക്കാതിരിക്കുവാനും മുക്കത്ത് സിപിഎം ഭരണം നിലനിര്‍ത്തുവാനും അവിശ്വാസപ്രമേയത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ബിജെപി അംഗങ്ങള്‍ക്ക് അവരുടെ ജില്ലാ പ്രസിഡന്റ് വിപ്പുനല്‍കുകയായിരുന്നു.
ആസന്നമായ തദ്ദേശസ്വയംഭരണ, നിയമസഭാ തെരെഞ്ഞെടുപ്പുകളില്‍ പ്രയോഗിക്കാന്‍ പോകുന്ന അപകടകരമായ രാഷ്ട്രീയ പരീക്ഷണത്തിന്റെ ലബോറട്ടറിയായി മുക്കത്തെ സിപി എമ്മും ബിജെപിയും മാറ്റുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.