നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം : ആയിരം കിലോയോളം ചെറുമത്സ്യങ്ങൾ പിടികൂടി
1450748
Thursday, September 5, 2024 4:36 AM IST
കൊയിലാണ്ടി: മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് മത്സ്യബന്ധനം നടത്തി പിടിച്ച ആയിരം കിലോയോളം ചെറുമത്സ്യങ്ങൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും കോസ്റ്റൽ പോലീസും ചേർന്ന് പിടികൂടി.
ബേപ്പൂരിൽ നിന്നും മഹിദ ബോട്ടും ചോമ്പാലയിൽ നിന്ന് അസർ ബോട്ടുമാണ് ബേപ്പൂർ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും വടകര കോസ്റ്റൽ പോലീസും ചേർന്ന് പിടിച്ചെടുത്തത്. മത്സ്യ സമ്പത്തിന് വിനാശകരമായ രീതിയിലുള്ള ചെറു മത്സ്യബന്ധനം ചെറിയ വിഭാഗം മത്സ്യത്തൊഴിലാളിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത് പരിസ്ഥിതി ആഘാതത്തിന് കാരണമാകും.
കേരള കടൽ തീരത്ത് കുറഞ്ഞു വരുന്ന മത്തി, അയില ഇനത്തിൽപെട്ട ചെറുമത്സ്യങ്ങളെ പിടിക്കുന്നത് ഭാവിയിൽ മത്സ്യ ലഭ്യത കുറയ്ക്കും. ഇത്തരം നിയമവിരുദ്ധമായിട്ടുള്ള മത്സ്യബന്ധനങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ സ്വയം പിൻമാറണമെന്നും, അതോടൊപ്പം ബോട്ടും എൻജിനും ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുനീർ അറിയിച്ചു. പിടികൂടിയ ചെറുമത്സ്യങ്ങളെ അധികൃതർ കടലിലേക്ക് തള്ളി.