ബസ് ജീവനക്കാരുടെ പരാക്രമം; കണ്ടക്ടർക്കെതിരേ കേസെടുത്തു
1444249
Monday, August 12, 2024 4:56 AM IST
അത്തോളി: വാണിമേൽ പഞ്ചായത്ത് പ്രസിഡന്റിനും കുടുംബത്തിനുമെതിരേ ബസിലെ ജീവനക്കാർ പരാക്രമം നടത്തിയതായി പരാതി. സംഭവത്തിൽ കണ്ടക്ടർ ബാലുശേരി സ്വദേശി കോറോത്തുകണ്ടി മുഹമ്മദ് നിഹാലിനെതിരേ പോലീസ് കേസെടുത്തു. വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യയും കുടുംബവും ഇന്നലെ രാവിലെ തിരൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന യാത്രക്കിടയിൽ ഉള്ളിയേരിൽ വച്ചാണ് കേസിനാസ്പദമായ സംഭവം.
രാവിലെ 10 .30 ഓടെ ഉള്ളിയേരി ജംഗ്ഷനിൽ കുറ്റ്യാടി കെഎസ്ആർടിസി ബസ് ബ്രേക്ക് ഡൗൺ ആവുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. ഈ സമയം നിരവധി വാഹനങ്ങളെ മറികടന്ന് ഉള്ളിയേരി - കോഴിക്കോട് സ്വകാര്യ ബസ് "വരദാനം' മുന്നിലേക്ക് കുതിച്ചു. ബ്ലോക്കിൽ ഉണ്ടായിരുന്ന ഇന്നോവ കാർ മറികടന്ന് പോകാൻ കഴിയാതെ വന്നതോടെയാണ് ബസ് കണ്ടക്ടറും ക്ലീനറും ബഹളം വച്ച് കാറിനടുത്തേക്ക് എത്തിയത്.
കാർ ഓടിച്ചിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ മകളുടെ മകൻ അലീഫ് നിഹാലുമായി ഇവർ തർക്കമായി. അതിനിടയിൽ കണ്ടക്ടർ അലീഫിനെ മർദിച്ചു. അലീഫ് തലക്കുളത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുകയും അത്തോളി പോലീസിൽ പരാതി നൽകുകയുമായിരുന്നു.