വയനാട് ഉരുൾപൊട്ടൽ: കോഴിക്കോട്ടുനിന്നും സഹായ പ്രവാഹം
1442165
Monday, August 5, 2024 4:25 AM IST
കോഴിക്കോട്: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കോഴിക്കോട്ടുനിന്നു സഹായ പ്രവാഹം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപറേഷന്റെ സംഭാവനയായ മൂന്നു കോടി രൂപയുടെ ചെക്ക് മേയർ ബീന ഫിലിപ്പ് കോഴിക്കോട് ഗസ്റ്റ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
മന്ത്രിമാരായ എം.ബി. രാജേഷ്, പി.എ.മുഹമ്മദ് റിയാസ്, ഭരണ-പ്രതിപക്ഷ കൗണ്‍സിലർമാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.
കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റി ഒന്നാം വാർഡ് പനക്കോട് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂരൽമലയിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചു. മഹല്ല് ഭാരവാഹികളുടെയും മറ്റു മത -സാംസ്കാരിക -സന്നദ്ധ സംഘടനകളുടെയും പ്രവാസികളുടെയും യോഗത്തിൽ, അർഹതപ്പെട്ട ഒരു കുടുംബത്തിന് ആറുലക്ഷം രൂപ ചെലവു വരുന്ന വീട് നിർമിച്ചു നൽകാനാണ് തീരുമാനമെടുത്തത്. മഹല്ല് പ്രസിഡന്റ് വി.ടി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹല്ല് സെക്രട്ടറി വി.കെ. അബ്ദുഹാജി പ്രസംഗിച്ചു.
കോഴിക്കോട്: വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് ലയണ്‍സ് ക്ലബ്ബ് ഇന്റർനാഷണൽ അഞ്ചുകോടി രൂപ നൽകും. സംസ്ഥാന സർക്കാരുമായി കൈകോർത്താണ് പുനരധിവാസ - സന്നദ്ധ പ്രവർത്തനങ്ങൾക്കായി തുക ചിലവഴിക്കുകയെന്ന് ലയണ്‍സ് 318 ഇ ഡിസ്ട്രിക്ട് ഗവർണർ കെ.വി. രാമചന്ദ്രനും മൾട്ടിപ്പിൾ കൗണ്‍സിൽ ചെയർമാൻ ബി. അജയകുമാറും വാർത്താകുറിപ്പിൽ അറിയിച്ചു.
കോഴിക്കോട്: വയനാട് ജില്ലയിലെ ദുരന്തബാധിതർക്കായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡൽ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയും സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വനിതാ സൗഹൃദ മോണ്ടിസോറി അധ്യാപക പരിശീലന കേന്ദ്രം കേരള ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററും ചേർന്ന് അവശ്യസാമഗ്രികൾ സമാഹരിച്ചു നൽകി.
വസ്ത്രങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, സ്റ്റീൽ ഗ്ലാസുകൾ, ശുചീകരണ ഉപകരണങ്ങൾ, കിടക്കകൾ, തലയിണകൾ, ധാന്യങ്ങൾ, അരി, മസാലപൊടികൾ, കുട്ടികളുടെ ഉല്ലാസത്തിനായി പുസ്തകങ്ങൾ, കളർ പെൻസിലുകൾ, കളിപ്പാട്ടങ്ങൾ, പഠന സാമഗ്രികൾ, സാനിറ്ററി പാഡ് ഉൾപ്പെടെ ഉള്ളവയാണ് കൽപ്പറ്റയിലെ കളക്ഷൻ സെന്ററിൽ എത്തിച്ചു നൽകിയത്.