മാട്ടുമുറി ഉപതെരഞ്ഞെടുപ്പ്; യു.പി. മമ്മദ് സത്യപ്രതിജ്ഞ ചെയ്തു
1441301
Friday, August 2, 2024 4:59 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം വാർഡ് മാട്ടുമുറി ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.പി. മമ്മദ് പഞ്ചായത്തംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാവിലെ 11 ഓടെ പഞ്ചായത്തോഫീസ് പരിസരത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു സത്യവാചകം ചൊല്ലിക്കൊടുത്തു.
വരണാധികാരി താമരശേരി താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസർ വഹീദ നടപടികൾ നിയന്ത്രിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സി.ജെ. ആന്റണി, മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ യു. അബ്ദുല്ല ഫാറൂഖി, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ധീൻ ചെറുവാടി, എം. സിറാജുദ്ധീൻ, എൻ.കെ. അഷ്റഫ്, സുജ ടോം, കെ.പി. അബ്ദു റഹിമാൻ, കെ.ടി. ഹമീദ്, വി. ഷംലൂലത്ത്, കെ.ടി. മൻസൂർ, രാജൻ മാവായി, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ തുടങ്ങിയവർ പ്രസംഗിച്ചു.