മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നടന്നിട്ട് ഒരു മാസം : പാതയോരത്തെ പുല്ലു പറിക്കാൻ വീണ്ടും ജെസിബി എത്തി
1417151
Thursday, April 18, 2024 5:35 AM IST
ചക്കിട്ടപാറ: ചെമ്പ്ര മുതൽ പെരുവണ്ണാമൂഴി വരെയുള്ള മലയോര ഹൈവേ പ്രവൃത്തി ഉദ്ഘാടനം നടന്ന മാർച്ച് 14ന് തന്നെ പ്രവൃത്തി ആരംഭിക്കുമെന്ന് സ്ഥലം എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ജെസിബി പെരുവണ്ണാമൂഴിയിൽ നിന്ന് പാതയോരത്തെ കാട് പറിക്കുന്ന പരിപാടി തുടങ്ങുകയുമുണ്ടായി.
ഒരു ദിവസം പിന്നിട്ടപ്പോൾ ഇവരെ കാണാതായി. മാസം ഒന്നു കഴിഞ്ഞ് ഇന്നലെ വീണ്ടും ജെസിബി എത്തി പാതയോരത്തെ പുല്ലു പറിക്കാൻ തുടങ്ങിയിട്ടുണ്ട്.
റോഡിൽ പുളിക്കപ്പടിയിലെ വലിയ ഒരു ഗർത്തം മണ്ണിട്ട് മൂടിയിട്ടുമുണ്ട്. പണി ഉടൻ ആരംഭിക്കുമെന്നാണ് കരാറുകാരുടെ ആളുകൾ പറയുന്നത്. സാധനങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലവും തൊഴിലാളികൾക്ക് പാർക്കാനുള്ള ഇടവും ഒരുങ്ങണം.
മഴക്കാലം ആരംഭിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കാലത്ത് കണ്ണിൽ പൊടിയിടാനാണോ ഈ പുല്ലു പറിയെന്നും നാട്ടുകാർ സംശയിക്കുന്നു.