പടക്കമെറിഞ്ഞ് കട കത്തിക്കാൻ ശ്രമം: വ്യാപാരികൾക്കും ജീവനക്കാർക്കും മര്‍ദനം
1416676
Tuesday, April 16, 2024 6:09 AM IST
മുക്കം: വിഷുതലേന്ന് മദ്യമയക്ക് മരുന്ന് മാഫിയ മണിക്കൂറുകളോളം പന്നിക്കോട് അങ്ങാടിയിൽ അഴിഞ്ഞാടിയപ്പോൾ വൻ ദുരന്തമൊഴിവായത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് പന്നിക്കോട് അങ്ങാടിയിൽ ലൗഡ് സ്പീക്കറിന്റെ സഹായത്തോടെ പാട്ടും ഡാൻസും ആരംഭിച്ചത്. പന്നിക്കോട്ടുകാര്ക്ക് പുറമേ മുക്കം, കൊടിയത്തുർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരുടേയും നേതൃത്വത്തിലായിരുന്നു പ്രകടനങ്ങൾ. ഇതിനോടൊപ്പം അങ്ങാടിയുടെ മധ്യത്തിൽ നൂറ് കണക്കിന് പടക്കങ്ങളും പൊട്ടിക്കുന്നുണ്ടായിരുന്നു. പ്രായപൂർത്തിയാവാത്തവർ ഉൾപ്പെടെ 20 ഓളം പേരാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
അതിനിടെ ഒരാൾ പി.കെ കൂൾബാറിലേക്ക് പടക്കമെറിഞ്ഞതോടെ ബേക്കറിക്ക് തീപിടിക്കുകയും തൊട്ടടുത്ത് കട വൃത്തിയാക്കുന്നവരുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ കെടുത്തുകയും ചെയ്തു. അതിനിടെ കടയുടമയെ വിളിച്ചു വരുത്തിയത് തൊട്ടടുത്ത കടക്കാരാണന്ന് പറഞ്ഞ് ലഹരി മാഫിയ കടയിലെ ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പന്നിക്കോട് സ്വദേശികളായ സഫീർ, ബാസിത് എന്നിവർ ചികിത്സയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിന് ശേഷം സ്ഥലത്തെത്തിയ പോലീസ് ഇവരെ വിരട്ടി ഓടിക്കുകയായിരുന്നു.
ലഹരി മാഫിയ അഴിഞ്ഞാടുന്നത് പതിവെന്ന് ആക്ഷേപം
മുക്കം: പന്നിക്കോടും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി ലഹരി മാഫിയ അഴിഞ്ഞാടിയിട്ടും മുക്കം പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതാണ് വിഷുതലേന്ന് പന്നിക്കോട് അങ്ങാടിയിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്.
പന്നിക്കോട്ടെ കലാകായിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പാസ്കോയുടെ നേതൃത്വത്തിൽ നേരിട്ട് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
പന്നിക്കോട് കെഎസ്ഇബി ഓഫീസിന് എതിർവശത്തെ ഗ്രൗണ്ട്, തുറക്കൽ ഭാഗം, എടപ്പറ്റ റോഡ്, പഴം പറമ്പ് ഭാഗങ്ങളിലാണ് ലഹരി മാഫിയ പ്രധാനമായും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നത്.
ദിവസം ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവ്, എംഡിഎംഎ, വിദേശമദ്യം എന്നിവയുടെ വിൽപ്പനയാണ് പന്നിക്കോട് അങ്ങാടിയിൽ മാത്രം നടക്കുന്നത്. എന്നാൽ പോലീസ് അനാസ്ഥ തുടരുകയാണ്.