ഓവുചാലില്ലാതെ പെരുവണ്ണാമൂഴി - മുതുകാട് റോഡിന്റെ ടാറിംഗ് തകരുന്നു
1339123
Friday, September 29, 2023 1:02 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി - മുതുകാട് റോഡിന് ഓവുചാൽ നിർമിക്കാത്തത് മൂലം റോഡിന്റെ ടാറിംഗ് തകരുന്നതായി ആക്ഷേപം.
മഴക്കാലമായതോടെ വെള്ളം ഒഴുകാനായി റോഡിന് ഓവുചാൽ ഇല്ലാത്തതിനാൽ വിവിധ ഭാഗങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡരികിലെ ടാറിംഗ് അടർന്ന് തകരുകയാണ്. മാത്രവുമല്ല ഈ ഭാഗങ്ങളിൽ ആഴത്തിലുള്ള ഗർത്തവും രൂപപ്പെടുകയാണ്.
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ എതിരേ വരുന്ന വാഹനങ്ങൾക്ക് വഴിമാറികൊടുക്കാനും ഈ മേഖലകളിൽ പ്രയാസപ്പെടുന്നുണ്ട്. കൂടാതെ റോഡരികിലെ ഗർത്തം അപകട ഭീഷണിയുമാകുന്നുണ്ട്. ജനസാന്ദ്രത നിറഞ്ഞ മുതുകാട്ടിലേയ്ക്ക് നിരവധി ബസുകളും ടാക്സി വാഹനങ്ങളും സർവീസ് നടത്തുന്നുണ്ട്.
സഡക് യോജനാ പദ്ധതിയിലാണ് റോഡ് നവീകരണം നടത്തിയിട്ടുള്ളത്. യാത്രക്കാർക്ക് അപകട ഭീഷണിയായി തീർന്നിട്ടുള്ള ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്താൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.