തൊഴിൽ നിഷേധം അവസാനിപ്പിക്കണം: കെവൈഎഫ് -എം
1299600
Saturday, June 3, 2023 12:16 AM IST
കോഴിക്കോട്: ഒരു വർഷം ഒരു കോടി തൊഴിൽ നൽകുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ മോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നൊന്നായി കോർപറേറ്റുകൾക്ക് തീറെഴുതി നൽകി യുവാക്കളുടെ തൊഴിൽ സ്വപ്നം നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് -എം മലബാർ മേഖല ഭാരവാഹി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യത്തിൽ നിന്നും ദുഷ്പ്രഭുത്വത്തിലേക്ക് നയിക്കാനുള്ള ബിജെപി നീക്കം പരാജയപ്പെടുത്താൻ ഇന്ത്യൻ യുവത്വം രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു അധ്യക്ഷത വഹിച്ചു.
പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.എം ജോസഫ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ, സാജൻ തൊടുക, സിറിയക് ചാഴിക്കാടൻ വിനോദ് കിഴക്കയിൽ, വിജോ ജോസ്,ഷിബു തോമസ്, അമൽ ജോയി, അരുൺ തോമസ്, ലിജിൻ ഇരുപ്പക്കാട്ട്, ബിനു ഇലവുങ്കൽ, ഇ.ടി. സനീഷ്, സുബിൻ തയ്യിൽ,സുരേഷ് മുതുവണ്ണാച്ച എന്നിവർ പ്രസംഗിച്ചു.