നിയമ പോരാട്ടം തുടരും: മെഡിക്കൽ കോളജ് അതിജീവിത
1299597
Saturday, June 3, 2023 12:16 AM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ യുവതിയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്ത സംഭവത്തിൽ നിയമ പോരാട്ടം തുടരുമെന്ന് അതിജീവിത.
കമ്മിഷ്ണർക്കും ആരോഗ്യ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നത് വരെ നിയമപോരാട്ടവുമായി മുന്നോട്ട് പോവുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പും മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണെന്നും എന്നാൽ നീതി ലഭിച്ചില്ലെന്നും അതിജീവിത പറഞ്ഞു.
കേസിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും പോലീസും കബളിപ്പിക്കുകയാണ് ചെയ്തതെന്ന് യുവതി ആരോപിച്ചു. പ്രതികളെ തിരിച്ചറിഞ്ഞില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാൽ തന്റെ മുമ്പിൽ വച്ചാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതും പ്രതികൾ കുറ്റം സമ്മതിച്ചതുമെന്ന് യുവതി പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായി ഐസിയുവിൽ അർധബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെയാണ് ആശുപത്രി ജീവനക്കാരനായ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്.
സംഭവത്തിൽ നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കിത്തീർക്കണമെന്നും മജിസ്ട്രേറ്റിനും പോലീസിനും നൽകിയ മൊഴി കളവാണെന്ന് പറയണമെന്ന് യുവതിയെ നിർബന്ധിച്ചെന്നുമാണ് വനിതാ ജീവനക്കാരായ അറ്റൻഡർ ഗ്രേഡ്(ഒന്ന്) ആസ്യ, ഷൈനി ജോസ്, ഷലൂജ, അറ്റൻഡർ ഗ്രേഡ്(രണ്ട്) പി.ഇ. ഷൈമ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവർക്കെതിരേ മെഡിക്കൽ കോളജ് പോലീസ് രജിസ്റ്റർ ചെയ്ത കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്ന് പ്രതികൾ ഒളിവിൽ പോവുകയും തുടർന്ന് മുൻകൂർ ജാമ്യത്തിൽ ഇറങ്ങുകയുമായിരുന്നു.
ജീവനക്കാരെ
തിരിച്ചെടുത്തതിനെതിരേ
കോണ്‍ഗ്രസ്
കോഴിക്കോട്: മെഡിക്കല്‍ കോളജ് പീഡനക്കേസ് പ്രതിക്കുവേണ്ടി നിലകൊണ്ടതിനെ തുടര്‍ന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്.
മെഡിക്കല്‍ കോളജ് ഐസിയു പീഡനകേസിലെ പ്രതി ശശീന്ദ്രനെതിരേ മൊഴി നല്കിയ യുവതിയെ ഭീഷണിപ്പെടുത്തി സസ്പെന്‍ഷനിലായ അഞ്ച് ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടിയാണ് വിവാദമാകുന്നത്. ഉത്തരവ് ആരോഗ്യവകുപ്പ് റദ്ദു ചെയ്യണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ .കെ. പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് ജീവനക്കാരെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി പ്രതിഷേധാര്‍ഹമാണ്. പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരായവരെയാണ് സസ്പെന്ഷന് കാലാവധിയിലെ ശമ്പളമുള്‍പ്പെടെ അനുവദിച്ചുകൊണ്ട് തിരിച്ചെടുത്തിരിക്കുന്നത്. വിരമിക്കല്‍ ദിവസം തന്നെ സസ്പെന്ഷന് നടപടി പിന്‍വലിച്ച പ്രിന്‍സിപ്പാളിന്റെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുകയും അദ്ദേഹത്തിനെതിരേ കേസെടുക്കുകയും ചെയ്യണമെന്ന് പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു.
നടപടിയില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും പ്രവീൺ കുമാർ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി.എം. അബ്ദുറഹ്മാന്, ചോലക്കല്‍ രാജേന്ദ്രന്, അഡ്വ എം. രാജന് എന്നിവർ പങ്കെടുത്തു.