ജൽ ജീവൻ മിഷൻ അധിക പ്രവർത്തികൾക്കുള്ള തുക വകയിരുത്തി
1298426
Tuesday, May 30, 2023 12:10 AM IST
കോഴിക്കോട്: ജൽ ജീവൻ മിഷനുമായി ബന്ധപ്പെട്ട വിവിധ പഞ്ചായത്തുകളിലായി പുതുതായി നൽകേണ്ട കുടിവെള്ള കണക്ഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തുക വകയിരുത്തി. ജില്ലാ കളക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ ജല ശുചിത്വ മിഷൻ യോഗത്തിലാണ് തുക വകയിരുത്തിയത്.
2020 സർവേ പ്രകാരം ജൽ ജീവൻ മിഷൻ പദ്ധതി വഴി 4,28,394 കണക്ഷൻ നൽകാൻ 3,82,177.95 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 2020 മാർച്ചിന് ശേഷമുള്ള കണക്ഷനുകൾ നൽകുന്നതിനും റോഡുകളുടെ പുനർനിർമാണത്തിനും ഉയർന്ന മേഖയിൽ സ്ഥിതി ചെയ്യുന്ന വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതിനായി ബൂസ്റ്റർ സ്റ്റേഷനുകൾ നിർമിക്കുന്നതിനുമാണ് ഇപ്പോൾ തുക വകയിരുത്തിയത്. തിരുവള്ളൂർ, ആയഞ്ചേരി, മണിയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സമഗ്ര കുടിവെള്ള പദ്ധതിയിൽ അധികമായി വന്ന 9,153.21 ലക്ഷം രൂപ, വിവിധ പഞ്ചായത്തുകളിലെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി വകയിരുത്തിന്നതിനും തുടർ നടപടികളുമായി മുന്നോട്ടുപോകുന്നതിനും നേരത്തേ അംഗീകാരം നൽകിയിരുന്നു.
ഇതേ തുകയിൽ നിന്നും കക്കോടി, കുരുവട്ടൂർ, തുറയൂർ, കാവിലുംപാറ, മരുതോങ്കര എന്നീ പഞ്ചായത്തുകൾക്ക് ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി അധികമായി ആവശ്യമായ 3,058 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ജില്ലാ ജല ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറിയും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീറുമായ എ. അരുൺകുമാർ അജണ്ട അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ ജല ശുചിത്വമിഷൻ മെമ്പർമാരും പദ്ധതി സഹായ ഏജൻസി പ്രതിനിധിയും പങ്കെടുത്തു.