ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കു ഭക്ഷ്യ വിഷബാധ
1298383
Monday, May 29, 2023 11:23 PM IST
കൽപ്പറ്റ: ഹോട്ടലിൽ നിന്നും അൽഫാമും മന്തിയും കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. വയനാട്, കോഴിക്കോട് സ്വദേശികളായ നാല്പതോളം പേർക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഇതേത്തുടർന്ന് കൽപ്പറ്റ ഡീ പോൾ സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ മുസ്വല്ല ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ അടപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വിഭാഗവുമാണ് ഹോട്ടലിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്ന് കൽപ്പറ്റ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. വിൻസന്റ് പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റവർ കൽപ്പറ്റ, പനമരം എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പനമരത്തെ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് ആദ്യം രോഗലക്ഷണങ്ങളുടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. തുടർന്ന് പനമരത്ത് തന്നെയുള്ള 15 പേരെ വിവിധ ആശുപത്രികളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് പ്രവേശിപ്പിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 14 പേർ ചികിത്സ തേടി. ഇതിൽ അഞ്ചുപേർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ഒന്പത് പേർ ചികിത്സ തേടി. ഇപ്പോൾ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഛർദിയും വയറിളക്കവുമാണ് ഭൂരിഭാഗം പേർക്കും അനുഭവപ്പെട്ടത്. ആരുടെയും നില ഗുരുതരമല്ല. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ കൽപ്പറ്റയിലെ മറ്റു ഹോട്ടലുകളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.